കോവിഡ് സംബന്ധമായ സംശയങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്കുമുള്ള പ്രധാനപ്പെട്ട ഒരു സംശയമാണ് കോവിഡ് വന്നുകഴിഞ്ഞാല്‍ വീണ്ടും വരുമോ എന്നുള്ളത്. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം.

കോവിഡ് ഒരിക്കല്‍ വന്ന് നെഗറ്റീവായാല്‍ വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതുവെയുള്ള വിലയിരുത്തല്‍. കാരണം ഏതൊരു വൈറസ് നമ്മുടെ ശരീരത്തെ ബാധിച്ചു കഴിഞ്ഞാലും അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരത്തില്‍ ആന്റി ബോഡികള്‍ ഉണ്ടാവും. ഇത് വീണ്ടും അതേ വൈറസ് ബാധിക്കുന്നതില്‍ നിന്ന് ശരീരത്തെ പ്രതിരോധിക്കും. എന്നാല്‍ കോവിഡ് പുതിയ വൈറസ് ആയതിനാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

കോവിഡ് വന്നുപോയാലും അത് ശ്വാസകോശം, കിഡ്‌നി തുടങ്ങിയ ആന്തരികാവയങ്ങളെ ബാധിക്കും എന്നതാണ് മറ്റൊരു പ്രചാരണം. ഇത് തീര്‍ത്തും തെറ്റാണ്. ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് കോവിഡ് ശ്വാസകോശത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. മറ്റുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

രോഗം തുടങ്ങി ആദ്യ 15 ദിവസം വരെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. അതിന് ശേഷവും ജാഗ്രത പുലര്‍ത്തണം. മണവും സ്വാദും തിരികെ കിട്ടില്ലേ എന്ന ആശങ്കയും ചിലര്‍ക്കുണ്ട്. പരമാവധി ഒരു മാസത്തിനുള്ളില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ശരിയാവേണ്ടതാണ്. ഇതിന് പ്രത്യേക ചികിത്സയുടെ ആവശ്യമില്ല.

ക്ഷീണം വിടുന്നില്ല എന്നതാണ് പ്രധാനമായും ആളുകള്‍ പ്രകടിപ്പിക്കുന്ന മറ്റൊരു ആശങ്ക. ഇത് കുറച്ച് സമയമെടുത്ത് പരിഹരിക്കേണ്ടതാണ് എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നന്നായി വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, നന്നായി ഉറങ്ങുക, വെയില്‍ കൊള്ളുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ ഇത് മറികടക്കാനാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.