kerala

വയനാട് ദൗത്യത്തിനിടെ കടുവാ ആക്രമണം; ആർ ആർ ടി അംഗത്തിന് പരുക്ക്

By webdesk14

January 26, 2025

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. നേരത്തെ കടുവയെ കണ്ട സ്ഥലത്തു തന്നെ വെച്ചാണ് സംഭവം.

പരുക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കും. കടുവയ്ക്കായുള്ള തിരച്ചിലിനിടെയാണ് കടുവ ആർആർടി അം​ഗത്തെ ആക്രമിച്ചത്. കടുവ ചാടി വീണ് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി ഒആർ കേളു പറഞ്ഞു. പരുക്കേറ്റയാളെ പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.

കടുവയുടെ ആക്രമണം ഉണ്ടായ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വെറ്ററിനറി വിദഗ്ധന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വലിയ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഉള്‍ക്കാട്ടിലെ തറാട്ട് എന്ന സ്ഥലത്തു വെച്ചാണ് കടുവയെ കണ്ടതെന്നാണ് സൂചന. കടുവ വനംവകുപ്പിന്റെ റഡാറില്‍ കണ്ടെത്താനായില്ലെന്നായിരുന്നു നേരത്തെ വനംവകുപ്പ് പറഞ്ഞത്.

കടുവയെ സ്പോട്ട് ചെയ്തിരുന്നു. തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. 20 അം​ഗ ആർആർടിയും 8 പേരടങ്ങുന്ന എട്ട് സംഘങ്ങളായാണ് ഇന്ന് കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.