കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം വഴി ആചാരം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കര്‍മ്മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാറാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്. 

പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമിക്കണമെന്നും വ്യാപാരികള്‍ അടക്കമുള്ളവര്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലില്‍ നിന്ന് വ്യാപാരികളും ബസുടമകളും മറ്റും വിട്ടനിന്നാല്‍ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് ശാന്തിയും സമാധാവുമാണ് ആഗ്രഹിക്കുന്നതെും ബലം പ്രയോഗിക്കില്ലെന്നുമായിരുന്നു മറുപടി. ഹര്‍ത്താല്‍ ആഹ്വാന തീരുമാനം പുനപരിശോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനം നടന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങളുണ്ടാവും. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ സൂചനയാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കണ്ടത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും താഴെയിറക്കും. തിരിച്ചടി ഉറപ്പാണ്. ചതിക്ക് മറുപടിയുണ്ടാവും. കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കാന്‍ ഇന്ന് വൈകിട്ട് നാലിന് കോട്ടയത്ത് കര്‍മ്മ സമിതിയുടെ അടിയന്തിര യോഗവും ചേരും. – കുമാര്‍ പറഞ്ഞു.