കോഴിക്കോട്: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പരോളിലിറങ്ങി പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പിണറായി അടക്കമുള്ള സി.പി.എം നേതാക്കളുടെ അടുത്ത സുഹൃത്താണ് കൊടും ക്രിമിനലായ ഷാഫി. ശിക്ഷയനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങിയാണ് ഷാഫി വിവാഹം കഴിച്ചത്. വിവാഹച്ചടങ്ങില്‍ അന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടും എം.എല്‍.എയുമായ എ.എന്‍ ശംസീര്‍ അടക്കം നിരവധി സി.പി.എം നേതാക്കള്‍ പങ്കെടുത്തിരുന്നു.

പിണറായി വിജയന്‍ അധികാരത്തിലെത്തിയത് മുതല്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിവരുന്നത്. പി.കെ കുഞ്ഞനന്തന്‍, കിര്‍മാണി മനോജ്, കൊടി സുനി തുടങ്ങിയവര്‍ക്കെല്ലാം മാനദണ്ഡങ്ങളില്ലാതെ പരോള്‍ അനുവദിക്കുകയാണ്. ഇതിനെതിരെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടു. ഗുരുതര രോഗമാണെന്ന കാരണം പറഞ്ഞ് പരോളിലിറങ്ങിയ ശേഷം പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.