പഞ്ചാബിലെ അമൃത്‌സറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ട്രെയിന്‍ പാഞ്ഞുകയറി അറുപതിലേറെപേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് പരുക്കേറ്റു. രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തില്‍ നിന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. റയില്‍വേയുടെ ഭാഗത്തുനിന്നും സുരക്ഷാവീഴ്ച്ചയുണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

അമൃത്‌സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7.20ന്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‌സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്‌സ്പ്രസാണ് അപകടത്തിന് കാരണമായത്. ദസറയോട് അനുബന്ധിച്ച് രാവണന്റെ രൂപം കത്തിക്കുന്ന ചടങ്ങ് റയില്‍േവ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിടെ ട്രെയിന്‍ പാഞ്ഞെത്തി. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിന്റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു.

ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റയില്‍വേ അറിയിച്ചു. 700 ലധികം പേര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തിന്റെ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ വന്നത് ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതകുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെടുകയും കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.