പൊള്ളാച്ചി/പാലക്കാട്: തിരുനെല്‍വേലിയില്‍ നിന്ന് പുനെക്കുള്ള പ്രത്യേക ട്രയിന്‍ പൊള്ളാച്ചിക്കടുത്ത് പാളം തെറ്റി. ഇന്നലെ രാത്രി 9.50ഓടെയാണ് അപകടമുണ്ടായത്. എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്‌മെന്റുകളുമാണ് പാളം തെറ്റിയത്. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്താണ് അപകടമുണ്ടായത്. റെയില്‍വെ പാതയോരത്തു നിന്ന് മരം കടപുഴകി വീണതാണ് അപകടത്തിനു കാരണമായത്. മരം ഇടിച്ചു തകര്‍ത്ത് മുന്നോട്ടുനീങ്ങിയ ട്രയിന്‍ പാളം തെറ്റുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്ന് പ്രത്യേക ട്രെയിനെത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.