X

ശമ്പളമില്ല, പെന്‍ഷനുമില്ല: കേന്ദ്രം വാക്കു പാലിച്ചില്ലെന്ന് ധനമന്ത്രി

നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്‍ഷന്‍ വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി.

ആയിരം കോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നല്‍കുമെന്നും അഞ്ഞൂറ് കോടി വീതം ബാങ്കുകളിലും ട്രഷറിയിലൂടെയും വിനിയോഗിക്കാമെന്നുമുള്ള കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത പണത്തിന്റെ പകുതിമാത്രമാണ് ലഭിച്ചത്. ഇതോടെ രാവിലെ തന്നെ ട്രഷറികളിലും ബാങ്കുകളിലും ശമ്പളത്തിനും പെന്‍ഷനുമായി ആളുകള്‍ തള്ളിക്കയറി. പലയിടത്തും പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ബാങ്കുകള്‍ക്കായി 140 കോടിയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ബാങ്കുകള്‍ക്ക് 360 കോടിയുമാണ് അനുവദിച്ചത്. മിക്ക ട്രഷറികളിലും ശമ്പള വിതരണം മുടങ്ങി. ബാങ്കുകള്‍ നല്‍കാമെന്നേറ്റ തുക പൂര്‍ണമായി നല്‍കിയില്ല. ഒരു കോടിരൂപ ആവശ്യമായ ട്രഷറികള്‍ക്ക് പത്തുലക്ഷം രൂപ മാത്രമാണ് നല്‍കിയത്.

തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് ആവശ്യപ്പെട്ട രണ്ടുകോടി ലഭിച്ചു. എന്നാല്‍ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളില്‍ പണമെത്തിയില്ല. ആലപ്പുഴ ജില്ലാ ട്രഷറിക്ക് ഏഴേകാല്‍ കോടിരൂപയാണ് വേണ്ടത്. കിട്ടിയത് മൂന്നുകോടി മാത്രം. തൃശൂര്‍ ജില്ലാ ട്രഷറിക്ക് കിട്ടിയത് 50 ലക്ഷം. പാലക്കാട് ജില്ലാ ട്രഷറിക്ക് 40 ലക്ഷം ലഭിച്ചു.

മലപ്പുറം ജില്ലാട്രഷറി ഒരുകോടി ആവശ്യപ്പെട്ടപ്പോള്‍ 40 ലക്ഷം ലഭിച്ചു. എറണാകുളം ജില്ലാട്രഷറി ആവശ്യപ്പെട്ട ഒരുകോടി തന്നെ ലഭിച്ചു. കോഴിക്കോട് ജില്ലാ ട്രഷറി ആവശ്യപ്പെട്ടത് ഒരുകോടി. അനുവദിച്ചത് പത്തുലക്ഷം മാത്രം. വയനാട് ജില്ലാ ട്രഷറിക്ക് ഒരുകോടി നല്‍കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ ട്രഷറിക്ക് 1.60 കോടി ലഭിച്ചു. വിവിധ സബ്ട്രഷറികള്‍ക്ക് ആവശ്യപ്പെട്ടതിന്റെ പകുതിമാത്രമാണ് ലഭിച്ചത്.സംസ്ഥാനത്ത് 222 ട്രഷറികളാണുള്ളത്. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ആദ്യഘട്ടമായി ശമ്പളം വാങ്ങുന്ന അഞ്ചുലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 1,200 കോടിരൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ബാക്കി തുക വരും ദിനങ്ങളില്‍ വിതരണം ചെയ്യുമെന്നായിരുന്നു വാഗ്ദാനം. സാധാരണഗതിയില്‍ ഏഴു ദിവസമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം. ഒന്നാം ദിവസം ശമ്പള വിതരണത്തിന് സര്‍ക്കാരിന് 750 കോടിരൂപ ആവശ്യമാണ്. രണ്ടാംദിനം 700 കോടി, മൂന്നാംദിനം 450 കോടി, നാലാംദിനം 400 കോടി, അഞ്ചാംദിനം 300 കോടി, ആറാംദിനവും ഏഴാം ദിനവും 250 കോടിവീതം എന്നിങ്ങനെയാണ് വേണ്ടത്.

പല ട്രഷറികളിലും കൈയിലുള്ള പണം ഉപയോഗിച്ചാണ് ഇന്നലെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. ആയിരം കോടി നല്‍കാമെന്ന വാഗ്ദാനത്തില്‍നിന്നും പിന്‍മാറിയ ആര്‍.ബി.ഐ അധികൃതരെ സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപത്തെ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഉച്ചക്ക് ശേഷം ധനമന്ത്രിയുടെ ഓഫീസ് ട്രഷറി, ബാങ്ക് വഴി വിതരണംചെയ്ത കറന്‍സിയുടെ കണക്കുകള്‍ ശേഖരിച്ചു. ബാങ്കുകള്‍ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ധന, ട്രഷറി വകുപ്പ് സെക്രട്ടറിമാരുമായി മന്ത്രി ചര്‍ച്ച നടത്തി.

chandrika: