കോഴിക്കോട്: ഇന്ന് വൈകിട്ട് ആറു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുകയാണ്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട് എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.

ഏതു വിഷയത്തെ കുറിച്ചാണ് സംസാരിക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പഴയ നോട്ടുനിരോധനത്തിന്റെ ഓര്‍മയില്‍ മോദിയുടെ അഭിസംബോധനയെ രസകരമായി കൈകാര്യം ചെയ്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

ആറു മണിക്ക് എന്തോ പണി വരുന്നുണ്ട് അവറാച്ചാ, എന്നാണ് ഒരാള്‍ ചന്ദ്രിക ഓണ്‍ലൈനിന്റെ ലിങ്കിനു താഴെ കമന്റിട്ടത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഭയപ്പെടുന്ന ഒരേ ഒരു രാജ്യമാണ് ഇന്ത്യ എന്ന് ഒരാള്‍ പ്രതികരിച്ചു. ദൈവത്തിനറിയാം എന്ത് നിരോധമാണാവോ എന്നായിരുന്നു ഒരാളുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ അഭിപ്രായം രേഖപ്പെടുത്തൂ

Posted by Chandrika Daily on Tuesday, October 20, 2020

ബംഗാള്‍ വിഭജനം, ബംഗാളിലെ രാഷ്ട്രപതി ഭരണം, പെണ്‍കുട്ടികളുടെ വിവാഹ പ്രായമുയര്‍ത്തല്‍, കോവിഡ് വാക്‌സിന്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടങ്ങിയ ഗൗരവതരമായ കാര്യങ്ങളും ആളുകള്‍ ചര്‍ച്ച ചെയ്തു.

നാടിനും നാട്ടാര്‍ക്കും ആപത്തൊന്നും വരുത്തല്ലേ ദൈവമേ എന്നാണ് ഒരാള്‍ കുറിച്ചത്. സാധാരണക്കാരുടെ നെഞ്ചത്തു കയറി ദഫ് മുട്ടും എന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ പാത്രം മുട്ടാനോ മറ്റോ ആകും എന്ന് മറ്റൊരാള്‍ പരിഹസിച്ചു.

അതിനിടെ, കോവിഡ് വാക്‌സിന്‍ വിതരണ പദ്ധതിയാകും പ്രധാനമന്ത്രി പ്രഖ്യാപിക്കുക എന്നാണ് ബലമായ സൂചനകള്‍. കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം പ്രധാനമന്ത്രി ഏഴാം തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.