റിയാദ്: അറബികളുടെ ഹൃദ്യമായ അതിഥി സല്‍ക്കാരത്തിനു മുന്നില്‍ ഒരുവേള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹൃദയവും മയങ്ങി. പ്രസിഡന്റായ ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി സഊദി അറേബ്യയിലെത്തിയ ട്രംപിന് ഉജ്ജ്വല സ്വീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അറബികളുടെ പ്രാചീന കലാരൂപമായ വാള്‍ നൃത്തത്തില്‍ സല്‍മാന്‍ രാജാവിനോടൊപ്പം ചുവടുവെച്ച് ട്രംപ് എല്ലാവരുടെയും മനംകവര്‍ന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വാണിജ്യ സെക്രട്ടറി വില്‍ബണ്‍ റോസും കലാകാരന്മാരോടൊപ്പം ചുവടുവെച്ചു. കിങ് അബ്ദുല്‍ അസീസ് ഹിസ്റ്റോറിക്കല്‍ സെന്ററിനു പുറത്തായിരുന്നു സഊദി കലാകാരന്മാരുടെ നൃത്ത പരിപാടി ഒരുക്കിയിരുന്നത്. സല്‍മാന്‍ രാജാവിനോടൊപ്പമുള്ള വിരുന്നിന് അനുബന്ധമായി ഒരുക്കിയ ചടങ്ങ് ട്രംപ് ശരിക്കും ആസ്വദിച്ചു. ഭാര്യ മെലാനിയ ട്രംപും മരുമകന്‍ ജാറെദ് കുഷ്‌നറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.