റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലെത്തി. ട്രംപിന്റെ ആദ്യവിദേശ സന്ദര്‍ശനത്തില്‍ അഞ്ചു രാജ്യങ്ങളാണ് ട്രംപ് സന്ദര്‍ശിക്കുന്നത്. എട്ടുദിവസത്തെ സന്ദര്‍ശനത്തില്‍ റിയാദില്‍ ഇന്നും നാളെയുമായി നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ട്രംപ് പങ്കെടുക്കും. സൗദി അറേബ്യക്കു ശേഷം ഇസ്രായേല്‍, വത്തിക്കാന്‍, ബെല്‍ജിയം, ഇറ്റലി എന്നീ രാജ്യങ്ങള്‍കൂടി ട്രംപ് സന്ദര്‍ശിക്കും.

പുലര്‍ച്ചെ 2.45ന് റിയാദ് വിമാനത്താവളത്തെലെത്തിയ ട്രംപിനെ സൗദി രാജാവ് സല്‍മാന്‍ സ്വീകരിച്ചു. നാളത്തെ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി, ജിസിസി-യു.എസ് ഉച്ചകോടി എന്നിവയില്‍ ട്രംപ് പങ്കെടുക്കും. രാജകുടുംബത്തിന്റെ വിരുന്ന് സല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുക്കും.ഭീകരവാദവുമായി ബന്ധപ്പെട്ട് കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ചര്‍ച്ചയിലും, ട്വീപ്പ്‌സ് 2017 ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. 90 വ്യവസായികള്‍ പങ്കെടുക്കുന്ന സൗദി യുഎസ് സി.ഇ.ഒ ഫോറമാണ് മറ്റൊരു ചടങ്ങ്.

സൗദി അറേബ്യയിലേക്കുള്ള ആദ്യവിദേശ സന്ദര്‍ശനത്തിന് ശേഷമാണ് ട്രംപ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.