അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് ഉപദേശക സമിതിയിലെ പത്ത് അംഗങ്ങള്‍ രാജിവെച്ചു. ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലാന്റേഴ്‌സ് വിഷയത്തിലുള്ള ഉപദേശക കമ്മീഷനിലെ അംഗങ്ങളാണ് രാജിക്കത്ത് നല്‍കിയത്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയതും കുടിയേറ്റ വിരുദ്ധതയും അടക്കമുള്ള നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.
‘കമ്മീഷണര്‍മാരുടെ കാലപരിധി 2017 സെപ്തംബര്‍ 30 വരെയുണ്ടെങ്കിലും നമ്മുടെ മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായ നയങ്ങള്‍ പുലര്‍ത്തുന്ന ഒരു പ്രസിഡണ്ടിനെ സേവിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.’ കമ്മീഷണര്‍മാര്‍ പറയുന്നു. വിസ നിരോധനം, അഫോര്‍ഡബിള്‍ കെയര്‍ ആക്ട് പിന്‍വലിക്കല്‍, മെക്‌സിക്കോയ്ക്കും യു.എസ്സിനുമിടയില്‍ മതില്‍ നിര്‍മിക്കാനുള്ള തീരുമാനം തുടങ്ങിയ ട്രംപ് നയങ്ങളെ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും കറുത്ത വര്‍ഗക്കാരെയും വ്യത്യസ്ത മതവിഭാഗക്കാരെയും രാജ്യത്തിന് ഭീഷണിയായിക്കാണുന്ന ട്രംപിന്റെ കാഴ്ചപ്പാടിനെ തള്ളിക്കളയുന്നതായും അവര്‍ വ്യക്തമാക്കുന്നു.
Be the first to write a comment.