വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്‍ മെമ്മോയിലെ തെറ്റുകള്‍ തിരുത്തി ഡെമോക്രാറ്റുകള്‍ തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തടഞ്ഞു.

രേഖ പരസ്യപ്പെടുത്താന്‍ യു.എസ് കോണ്‍ഗ്രസ് പാനല്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും ദേശീയ സുരക്ഷ അപകടപ്പെടുത്തുന്ന വരികളുണ്ടെന്ന് ആരോപിച്ച് ട്രംപ് തടയുകയായിരുന്നു. ട്രംപിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ച് എഫ്.ബി.ഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നായിരുന്നു റിപ്പബ്ലിക്കന്‍ മെമ്മോയിലെ ആരോപണം. ഇത് തിരുത്തിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ മെമ്മോ തയാറാക്കിയത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട സത്യങ്ങള്‍ ഒളിച്ചുവെക്കാനാണ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് നേതാവ് നാന്‍സി പെലോസി കുറ്റപ്പെടുത്തി. എഫ്.ബി.ഐ അന്വേഷണം പക്ഷപാതപരമാണെന്നാണ് ട്രംപിന്റെ വാദം. തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കുന്നതിന് റഷ്യ ഇറങ്ങിക്കളിച്ചതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേകുറിച്ചാണ് മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.