Connect with us

Article

ലോകം സ്‌നേഹിച്ച രണ്ടക്ഷരം- എഡിറ്റോറിയല്‍

പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്‍ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.

Published

on

ബ്രസീല്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തിന് ആഗോള പ്രസിദ്ധി ലഭിച്ചത് ഫുട്‌ബോളിലൂടെയാണ്. ആ ബ്രസീലിയന്‍ ഫുട്‌ബോളിന്റെ വിലാസമായും പിന്നെ ആഗോള ഫുട്‌ബോളിന്റെ ബ്രാന്‍ഡായും ജനമനസുകളില്‍ നിറഞ്ഞ പെലെ വിടവാങ്ങുമ്പോള്‍ അത് ലോകത്തിന്റെ വേദനയാണ്. അദ്ദേഹം ബ്രസീലിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല. ലോകത്താകമാനമുള്ള ഫുട്‌ബോള്‍ മനസുകളിലെ സന്തോഷവും സ്‌നേഹവുമായിരുന്നു. മൂന്ന് തവണ ബ്രസീല്‍ എന്ന രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ച താരമെന്നത് അദ്ദേഹത്തിനോളം ഉയരത്തില്‍ നില്‍ക്കുന്ന റെക്കോര്‍ഡാണെങ്കിലും പെലെ എന്ന രണ്ടക്ഷരത്തിന്റെ കരുത്ത് മൈതാനത്ത് അദ്ദേഹം പ്രകടിപ്പിച്ച വ്യക്തിഗത മികവ് തന്നെയാണ്.

1930 മുതല്‍ ലോകത്തിന് സുപരിചിതമാണ് ഫിഫ ലോകകപ്പ് ഫുട്‌ബോള്‍. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കാല്‍പ്പന്ത് മാമാങ്കം. ഖത്തറില്‍ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് അധ്യായം നടക്കുമ്പോള്‍ ബ്രസീല്‍ മല്‍സരിക്കുന്ന ഒരു വേളയില്‍ ഗ്യാലറിയില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു-രാജാവേ കരുത്തനായി തിരികെ വരൂ… രോഗ ശയ്യയില്‍ കിടക്കുന്ന പെലെക്ക് ആശംസകള്‍ നേര്‍ന്ന ആ ജനകീയ ബാനര്‍ ഗ്യാലറിയില്‍ ഉയര്‍ത്തിയത് ബ്രസീലുകാര്‍ മാത്രമായിരുന്നില്ല-കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുമായിരുന്നു. പഴയ തലമുറക്ക് മാത്രമായിരുന്നില്ല അദ്ദേഹം പ്രിയങ്കരനെന്നതിന് തെളിവുമായി ആ ബാനര്‍. പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്‌നേഹിക്കുന്നു. ഫുട്‌ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്‍ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.

പെലെയിലുടെ ബ്രസീല്‍ കരുത്തരായി മാറിയപ്പോള്‍ അയല്‍ രാജ്യമായ അര്‍ജന്റീനയും കാല്‍പ്പന്ത് വേദികളില്‍ മികവ് തെളിയിക്കാന്‍ തുടങ്ങി. രണ്ട് അയല്‍ക്കാര്‍ തമ്മിലുള്ള കാല്‍പ്പന്ത് പോരിന് ആഗോള സമ്മതി ലഭിച്ചു. പെലെക്ക് തുല്യനായി അര്‍ജന്റീനക്കാര്‍ ഡിയാഗോ മറഡോണയെ ഉയര്‍ത്തിക്കാട്ടി. 1986 ലെ മെക്‌സിക്കന്‍ ലോകകപ്പില്‍ മറഡോണ മാജിക്കില്‍ അര്‍ജന്റീന കപ്പ് സ്വന്തമാക്കിയപ്പോള്‍ പെലെക്ക് തുല്യനായി ചിലര്‍ മറഡോണയെ ഉയര്‍ത്തിക്കാട്ടി. ദീര്‍ഘകാലം ഇവരായിരുന്നു കാല്‍പ്പന്ത് മൈതാനത്തെ മെഗാ താരങ്ങള്‍.

പെലെ ബ്രസീലിയന്‍ രാഷ്ട്രീയത്തിലും കരുത്തനായി മാറി. അദ്ദേഹം കായിക മന്ത്രി പദവിയില്‍ വരെയെത്തിയപ്പോഴും ഫിഫ ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ ഭരണകൂടങ്ങള്‍ക്ക് അദ്ദേഹം ആഗോള രാജാവ് തന്നെയായിരുന്നു. പെലെയിലെ സവിശേഷതകള്‍ തേടിയവര്‍ക്ക് മുന്നില്‍ അദ്ദേഹം ഗോള്‍ വേട്ടക്കാരന്‍ മാത്രമായിരുന്നില്ല- ഒരു ജനതയെ ഒന്നിപ്പിച്ച വലിയ വികാരമായിരുന്നു. ബ്രസീല്‍ സാമ്പത്തികമായി കരുത്തരായിരുന്നില്ല-അന്നും ഇന്നും. പക്ഷേ ആ രാജ്യത്തിന്റെ ഐക്യത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഫുട്‌ബോളിന് ജീവന്‍ നല്‍കിയത് മറ്റാരുമായിരുന്നില്ല. പെലെയുണ്ടെങ്കില്‍ കളി കാണാന്‍ ജനം ഒഴുകിയെത്തുന്ന കാലം ബ്രസീലില്‍ മാത്രമുള്ള പ്രതിഭാസമായിരുന്നില്ല.

ചെറിയ പ്രായത്തില്‍ യാതനകളോട് മല്ലിട്ട് ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ആത്മവിശ്വാസത്തെ ആയുധമാക്കിയ എഡ്‌സണ്‍ അരാന്റസ് ഡി നാസിമെന്‍ഡോ എത്ര ഗോളുകള്‍ പ്രതിയോഗികളുടെ വലയില്‍ നിക്ഷേപിച്ചു എന്നതിന് കണക്കില്ല. ഇന്നത്തെ ഫുട്‌ബോള്‍ സാങ്കേതികമാണ്. ഖത്തര്‍ ലോകകപ്പില്‍ മെസി എത്ര പാസുകള്‍ ഏഴ് മല്‍സരങ്ങളില്‍നിന്ന് നല്‍കി എന്നതിന് ആധികാരിക തെളിവും വീഡിയോകളുമുണ്ടെങ്കില്‍ പെലെ വിരാജിച്ച അറുപതുകളിലും എഴുപതുകളിലും സാങ്കേതികത ഇത്രമാത്രം വികസിച്ചിരുന്നില്ല. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹം 541 ഗോളുകളാണ് നേടിയതെന്ന് പറയപ്പെടുന്നു. കരിയറില്‍ ആകെ 1363 മല്‍സരങ്ങളില്‍ നിന്നായി 1279 ഗോളുകള്‍. കാല്‍പ്പന്ത് ലോകത്തെ സകല റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ച താരം. പതിനഞ്ചാംവയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടങ്ങി പതിനാറാം വയസില്‍ സ്വന്തം രാജ്യത്തിന് വേണ്ടി ലോകകപ്പില്‍ പന്ത് തട്ടിയ ഇതിഹാസം. ദീര്‍ഘകാലം ആഗോള ഫുട്‌ബോളില്‍ നിറഞ്ഞ താരം. കളം വിട്ടിട്ടും കളിയുടെ ആഗോള അംബാസിഡറായി ലോകത്തോളം ഉയര്‍ന്ന പെലെ. ആ രണ്ടക്ഷരം കാല്‍പ്പന്ത് കാലത്തോളം ലോകം മറക്കില്ല. ആ വിയോഗ വേദനയില്‍ ഞങ്ങളും പങ്ക് ചേരുന്നു.

Article

ഇന്ന് ലോക ഹൃദയ ദിനം

യുവാക്കളുടെ ആകസ്മിക മരണം, വില്ലൻ ഹൃദയാഘാതമോ?!

Published

on

ഇന്ത്യയിൽ റോഡ് അപകടത്തിനേക്കാൾ കൂടുതൽ മരണനിരക്ക് ഹൃദയാഘാതം മൂലമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യലോകം സമീപ കാലത്ത് അവിശ്വസനീയതയോടെ നോക്കികാണുന്ന വാർത്തകളാണ് യുവാക്കളിൽ പെട്ടന്നുണ്ടാവുന്ന ഹൃദയാഘാത മരണങ്ങളും മരണത്തെ അതിജീവിക്കുന്നതുമായ വാർത്തകൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലി, ബോളിവുഡ് താരം സുസ്മിത സെൻ ഉൾപ്പെടെയുള്ള താരങ്ങൾ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടതും തമിഴ് സിനിമയിലെ പ്രമുഖ നടൻ ഡാനിയൽ ബാലാജി ഉൾപ്പെടെ ഈ ഓണത്തിന് നാട്ടിൽ വന്ന് തിരികെ സൗദി അറേബ്യയിൽ ജോലിക്ക് പ്രവേശിച്ച യുവ മലയാളി നഴ്സ് തൃശ്ശൂർ നെല്ലായിലെ 26കാരി ഡെൽമ ദിലീപ് ഉൾപ്പെടെയുള്ള യുവാക്കളുടെ ആകസ്മിക മരണം, വാഹനം ഓടിച്ച് പോവുമ്പോൾ ഡ്രൈവർമ്മാരുടെ മരണങ്ങൾ തുടങ്ങി നിരവധി കായിക,സിനിമ, മറ്റു യുവ പ്രൊഫഷണൽ മേഖലകളിലെ താരങ്ങളും യുവാക്കളുമാണ് സമീപ കാലത്ത് ജോലിസ്ഥലത്തോ, കളിക്കളത്തിലോ, വ്യായാമ വേളയിലോ, ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയോ മരണത്തെ അതിജീവിക്കുകയോ ചെയ്തിരിക്കുന്നത്. ഇതിൽ തെന്നെ ഞെട്ടിപ്പിക്കുന്ന കാര്യമെന്തെന്നാൽ റോഡപകടത്തിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൻ്റെ 10ഇരട്ടിയിലതികം പേരാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. 2022ൽ ശരാശരി നമ്മുടെ രാജ്യത്ത് വാഹന അപകടത്തിലൂടെ 1.6ലക്ഷം പേരാണ് മരണപ്പെട്ടത് .എന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് 20ലക്ഷത്തിന് മുകളിലാണ് മരണ നിരക്ക്. കഴിഞ്ഞ വർഷങ്ങളിലെ യുവാക്കളുടെ മരണകാരണം തേടുമ്പോഴും ഹൃദയസംബന്ധമായ അസുഖങ്ങൾ തെന്നെയാണ് മുമ്പിൽ നിൽക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി കേട്ടുകൊണ്ടിരിക്കുമ്പോൾ നിരവധിയായ ആശങ്കകളും സംശയങ്ങളും ഈ വിഷയത്തെ അധികരിച്ച് ജനങ്ങളില്‍ വ്യാപകമായിട്ടുണ്ട്. ഈ മരണങ്ങളെയെല്ലാം തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് ഒട്ടു മിക്കവരും ചെറുപ്പക്കാരാണ് എന്നതാണ്, രണ്ടാമതായി ഈ മരണങ്ങളെയെല്ലാം ഹൃദയാഘാതം എന്ന ഒറ്റപ്പേരില്‍ വിധിയെഴുതിയിരിക്കുന്നു എന്നതാണ്.

യഥാര്‍ത്ഥത്തില്‍ ഹൃദയാഘാതമാണോ ഈ മരണങ്ങള്‍ക്കുള്ള കാരണങ്ങള്‍?

വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയായിരുന്നു, കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നിട്ടും എങ്ങിനെ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു? ചെറുപ്പക്കാരിലുണ്ടാകുന്ന മരണങ്ങളില്‍ പൊതുവെ എല്ലാവരിലുമുള്ള സംശയമാണിത്. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ച് പോകുന്നതിനുള്ള കാരണങ്ങള്‍ ഇത് മാത്രമല്ല. ഈ കാര്യങ്ങളെകുറിച്ച് വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഏതൊക്കെ രീതികളിലാണ് ഹൃദയം നിശ്ചലമാകുന്നത് എന്ന് കൂടി മനസ്സിലാക്കണം

പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകുന്നതിന് പ്രധാനമായും ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റുമാണ് കാരണമാകുന്നത്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാവസ്ഥകളാണ് ഇവ രണ്ടും. ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് യുവാക്കള്‍ക്ക് പൊതുവെയും പ്രവാസലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ചും ഗുണകരമാകും.

ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാണ്. ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്തിച്ച് നല്‍കുന്ന കൊറോണറി ആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും.

ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് നിശ്ചിത ശതമാനത്തിലും കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത് സംഭവിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)

ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരമായ രോഗമാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോചവികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും.കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും മറ്റും ഇതിന് ഉദാഹരണമാണ്. ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക മത്സരങ്ങളിലും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭിക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് കായികതാരങ്ങളെ ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.

കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം

നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, രക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍, അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ളവര്‍ക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക നിര്‍ബന്ധമാണ്. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയിലുണ്ടാകുവാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനായി ചില പ്രൊസീജ്യറുകളോ ശസ്ത്രക്രിയകളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചേക്കാം. ഇവ നിര്‍ബന്ധമായും അനുസരിക്കുക.

പ്രവാസലോകത്തുള്ള യുവാക്കളെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് ഹൃദയം നിലച്ച് മരണത്തിന് കീഴടങ്ങുന്ന അവസ്ഥകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജീവിതസാഹചര്യങ്ങളിലെ പ്രത്യേകതകളും, അമിതമായ സമ്മര്‍ദ്ദവുമൊക്കെയായിരിക്കാം ഇതിന് കാരണം. ഇതില്‍ പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുന്നവയാണ് എന്നാല്‍ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ സാധിക്കുന്ന ഒരേ ഒരു കാര്യം പുകവലിയാണ്. ആത്മാര്‍ത്ഥമായ മനസ്സിരുത്തിയാല്‍ വിജയകരമായി അതിജീവിക്കാന്‍ സാധിക്കുന്ന പ്രലോഭനം കൂടിയാണ് പുകവലി. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിലേക്കുള്ള ആദ്യപടിയായി ഈ ദുശ്ശീലത്തെ പൂര്‍ണ്ണമായും ഒഴിവാക്കുക. അടുത്തതായി നാട്ടിലെത്തുമ്പോഴും, അല്ലെങ്കില്‍ അവിടെ വിദേശത്ത് നിന്ന് തന്നെയോ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വിശദമായ പരിശോധനകള്‍ നിര്‍വ്വഹിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണല്ലോ. ഓരോ പ്രവാസിയുടേയും ആരോഗ്യം അവനവന്റെ വ്യക്തിപരമായ കാര്യം മാത്രമല്ല, നാട്ടില്‍ കാത്തിരിക്കുന്ന കുടുംബത്തെയും അവരുടെ പ്രതീക്ഷകളെയും അവനവന്റെ സ്വപ്‌നങ്ങളെയും ഓരോ തവണയും ഓര്‍മ്മിക്കുക. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തുക.

ഡോ. സല്‍മാന്‍ സലാഹുദ്ദീന്‍
കണ്‍സല്‍ട്ടന്റ് & ഇൻ്റെർവൻഷണൽ കാര്‍ഡിയോളജി വിഭാഗം മേധാവി
ആസ്റ്റര്‍ മിംസ് കോഴിക്കോട്

Continue Reading

Article

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി മാത്രമോ; അറിയാം പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച്

Published

on

ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണല്ലോ. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചികിത്സാ ശാഖകളിലൊന്നായ പ്ലാസ്റ്റിക് സര്‍ജറിയേ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം

എന്താണ് പ്ലാസ്റ്റിക് സര്‍ജറി

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയാണ് എന്നുമൊക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക്ക് സര്‍ജറിക്കും തമ്മില്‍ യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. ‘രൂപാന്തരപ്പെടുത്തുക’ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.

മറ്റ് ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന്‍ തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു എന്നതാണ് സവിശേഷത. അതായത് ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, മറ്റ് സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍, ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള അതിവിശാലമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു എന്ന് സാരം

പ്ലാസ്റ്റിക് സര്‍ജറിയും സ്ത്രീകളും

സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല്‍ ജീവന്‍ രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകള്‍ ഇനി പറയുന്നു.

1). ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍ ആന്റ് ഓഗ്മെന്റേഷന്‍

സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും നീക്കം ചെയ്യപ്പെടുന്ന സ്തനം സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മിക്ച രീതിയില്‍ തരണം ചെയ്യുവാന്‍ സ്തന പുനര്‍നിര്‍മ്മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കുവാന്‍ ഓഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ട ചികിത്ിസാ രീതിയും സഹായകരമാകുന്നു.

2) ഫേഷ്യല്‍ റിജുവനേഷന്‍

പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകുവാന്‍ ഫേസ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും, വരകളും ചര്‍മ്മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാകുകയും ചെയ്യുന്നു.

3) ബോഡി കോണ്ട്യൂരിംഗ്

അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്‍, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സാഹയകരമാകുകയും ചെയ്യുന്നു.

നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂക്കുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നും.

4) റൈനോപ്ലാസ്റ്റി, ഓട്ടോപ്ലാസ്റ്റി

മൂക്കിന്റെ അഭംഗി മുഖകാന്തിക്ക് സൃഷ്ടിക്കുന്ന വൈകൃതത്തെ അതിജീവിക്കുവാന്‍ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാല്‍ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.

5) അബ്‌ഡൊമിനോപ്ലാസ്റ്റി

പ്രസവത്തിന്റെയും മറ്റും ഭാഗമായി വയറിലെ ചര്‍മ്മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനേയും അമിത ചര്‍മ്മത്തേയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണഅ ഇതില്‍ അവലംബിക്കുന്നത്.

മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.

തയാറാക്കിയത്: ഡോ.സെബിന്‍ വി തോമസ് {ഹെഡ് & സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജറി ആസ്റ്റര്‍ മിംസ് കോഴിക്കോട്}

Continue Reading

Article

അഞ്ച് ഭാഷകളിലെ ശബ്ദഗാംഭീര്യം; സാദിഖലിയുടെ അനൗൺസ്മെൻറ് 25-ാം വർഷത്തിലേക്ക്

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: കാൽപന്തുകളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന വാക്ചാതുരിയോടെ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ശബ്ദഗാംഭീര്യവുമായി കൂട്ടിലങ്ങാടിയിലെ ഒ.പി.എം. സാദിഖലിയുടെ അനൗൺസ്മെൻ്റ്
ഇരുപത്താം വർഷത്തിലേക്ക്.

പതിനെട്ടാം വയസ്സിൽ സ്വന്തം നാട്ടിലെ വയൽ മൈതാനങ്ങളിൽ കോളാമ്പിയിലൂടെ തുടങ്ങിയ അനൗൺസ്മെൻറ് ഇന്ന് നാട്ടിൻ പുറങ്ങൾ കടന്ന് സംസ്ഥാനമൊട്ടാകെയുള്ള മൈതാനങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .

സ്കൂൾ പഠനകാലത്ത് നാടകമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് നേടിയ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് അനൗൺസ്മെൻ്റ് രംഗത്തേക്ക് കടന്നു വരാൻ പ്രചോദനമായത്.
ദൈവം കനിഞ്ഞു നൽകിയ ശബ്ദ വിസ്മയം കൊണ്ട് കണ്ഠനാളങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അക്ഷരസ്ഫുടതയോടെയുള്ള ഘനഗാംഭീര്യമുള്ള ചാട്ടുളി പോലൊത്ത വാക്കുകളിലൂടെ കാണികളുടെ മനം കവർന്നുകൊണ്ട് മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ് നാൽപത്തിരണ്ടുകാരനായ സാദിഖലി .

നാട്ടിൻ പുറങ്ങൾ മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ വരെ നൂറു കണക്കിന് ടൂർണ്ണമെൻ്റുകളിൽ അനൗൺസ്മെൻറ് നടത്തി ശ്രദ്ധേയനായ സാദിഖ് ഒട്ടേറെ പുരസ്ക്കാരങ്ങളും നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലുള്ള അനൗൺസ്മെൻറുകളിലൂടെ കാണികളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവാണ് സാദിഖലിയെ വ്യത്യസ്ഥനാക്കുന്നത്.
ഫുട്ബോൾ മേളകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പരിപാടികൾ, തെരെഞ്ഞെടുപ്പ് അനൗൺമെൻ്റ് കൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയ അനൗൺമെൻ്റുകളിലും തിളങ്ങി നിൽക്കുന്ന സാദിഖലി ഓൾ കേരള അനൗൺസ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിക്കുന്നു.

ഒരിക്കൽ പാണക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അനൗൺസ് ചെയ്ത ശബ്ദം കേട്ട ഹൈദരലി ശിഹാബ് തങ്ങൾ എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചത് പ്രൊഫഷണൽ രംഗത്ത് വളർന്ന് വരാൻ മാനസികമായി ഏറെ സഹായിച്ചു.

Continue Reading

Trending