ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഇന്ത്യ- യുഎഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

വന്ദേ ഭാരത് ദൗത്യത്തിലൂടെ പ്രവാസികളെ തിരികെ നാട്ടിലെത്തിച്ച് തുടങ്ങിയപ്പോള്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയത്. എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്ക് പ്രയാമുണ്ടാക്കുന്ന ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഒഴിവാക്കിയത്. മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സര്‍വ്വീസുകളിലേക്ക് ടിക്കറ്റുകള്‍ നേരിട്ടോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.

കൊവിഡ് പരിശോധന നിര്‍ബന്ധമല്ലെങ്കിലും യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പ് നടത്തിയ പിസിആര്‍ പരിശോധനാ ഫലം കൈവശമുള്ളത് ഇന്‍സ്റ്റ്യൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനാഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. അതേസമയം യുഎഇയിലേക്ക് മടങ്ങുന്നവര്‍ അതത് എമിറേറ്റുകളിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് തടസ്സങ്ങളും രജിസ്ട്രേഷനും ഇല്ലെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും ആരോഗ്യ മന്ത്രാലയങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്നും കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.