അഫ്‌സല്‍ കോണിക്കല്‍

ദുബൈ: ഗള്‍ഫില്‍ ആദ്യമായി 2000 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ സ്വന്തമാക്കി മലയാളി യുവാവ്. നോട്ട് ശേഖരണം ഹോബിയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫ് ആണ് ദുബൈയില്‍ ആദ്യമായി 2000 രൂപയുടെ നിരവധി നോട്ടുകള്‍ തന്റെ ശേഖരത്തില്‍ എത്തിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സുഹൃത്ത് മുഖേനയാണ് നോട്ടുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ബാങ്കു വഴി 4000 രൂപ മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതു കാരണമാണ് സുഹൃത്തുക്കള്‍ മുഖേന കൂടുതല്‍ നോട്ടുകള്‍ സംഘടിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു.

ഒരു വര്‍ഷം മുമ്പ് ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഒരു രൂപ നോട്ടുകള്‍ ആദ്യമായി സ്വന്തമാക്കി ലത്തീഫ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് 2015ല്‍ ഒരു രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കിയത്. ഇത് ഇപ്പോഴും വിപണിയില്‍ വ്യാപകമായിട്ടില്ല. മുന്‍പ് 1994ല്‍ ആണ് അവസാനമായി ഒരു രൂപ നോട്ട് സര്‍ക്കാര്‍ പുറത്തിറക്കിയത്.

1000, 500, 100, 50 രൂപകളുടെ വിവിധ നോട്ടുകളിലെ സീരിയല്‍ നമ്പറുകളില്‍ പ്രശസ്തരുടെ ജന്മദിനം ശേഖരിക്കുന്നതാണ് ലത്തീഫിന്റെ മറ്റൊരു വിനോദം. ഇത്തരത്തില്‍ ബര്‍ത്ത് ഡേ നോട്ടുകള്‍ ശേഖരിച്ച് മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് ഇത്തരത്തില്‍ ലത്തീഫ് കൈമാറിയിട്ടുണ്ട്. ബര്‍ത്ത്‌ഡേ നോട്ടുകള്‍ കാണുമ്പോള്‍ പലരും അത്ഭുത്തോടെയും അതിലേറെ കൗതുകത്തോടെയുമാണ് ലത്തീഫിന്റെ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്നത്.

ഒരു മാസം മുന്‍പ് കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തളി ക്ഷേത്ര പരിസരത്തു വെച്ചാണ് ലത്തീഫ് ജന്മദിന നോട്ടുകള്‍ കൈമാറിയത്. ഇതു കണ്ട നരേന്ദ്ര മോദി വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെത്തിയ പ്രമുഖര്‍ക്കെല്ലാം ലത്തീഫ് ജന്‍മദിന നോട്ടുകള്‍ കൈമാറിയിട്ടുണ്ട്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ജന്മദിന നോട്ടുകള്‍ കൈമാറിയതാണ് ഇതില്‍ ്പ്രധാനം.

ഒരു രൂപ മുതല്‍ ആയിരം രൂപ വരെയുള്ള ഇന്ത്യന്‍ നോട്ടുകളിലാണ് ശൈഖിന്റെ ജന്മദിന നോട്ടുകള്‍ തയ്യാറാക്കിയത്. ഇത് സ്വീകരിച്ച ശൈഖ് സുല്‍ത്താന്‍ ഫ്രൈം ചെയ്ത ജന്‍മദിന നോട്ടുകള്‍ കയ്യില്‍ വെക്കുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ജന്മദിന നോട്ടുകള്‍ സമ്മാനിക്കുകയാണ് ലത്തീഫിന്റെ അടുത്ത ലക്ഷ്യം. ഇതിനായി നോട്ടുകള്‍ ശേഖരിച്ച് ഫ്രൈം ചെയ്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്. ശശി തരൂര്‍, ചേതന്‍ ഭഗത്, മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ്, നവാഗത എഴുത്തുകാരി ഷെമി തുടങ്ങിയവര്‍ക്ക് ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.
ഇന്ത്യയടക്കം മിക്ക രാജ്യങ്ങളുടെയും പഴയതും പുതിയതുമായ നോട്ടുകള്‍ ലത്തീഫിന്റെ ശേഖരത്തിലുണ്ട്. വിവിധ രാജ്യങ്ങളിലെ അപൂര്‍വ നോട്ടുകള്‍, നാണയങ്ങള്‍ തുടങ്ങിയവയും ശേഖരിക്കുന്ന ലത്തീഫിന്റെ വീട് നാണയ ശേഖരം കൊണ്ട് വീര്‍പ്പുമുട്ടുകയാണിപ്പോള്‍.