Connect with us

Culture

യു.ഡി.എഫ് സാരഥികള്‍ ജനകീയത മുഖമുദ്രാവാക്യമാക്കി

Published

on

വാസുദേവന്‍ കുപ്പാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് സര്‍വസന്നാഹങ്ങളുമായി യു.ഡി.എഫ് പടക്കളത്തിലിറങ്ങിക്കഴിഞ്ഞു. 20 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനകീയതയും ഭരണപരിചയവും അനുഗ്രഹിക്കപ്പെട്ടവരാണ് സ്ഥാനാര്‍ത്ഥിപട്ടികയിലെ എല്ലാവരും. അതോടെ യു.ഡി.എഫ് ക്യാമ്പ് തുടക്കം മുതല്‍ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ്. തികഞ്ഞ പ്രതീക്ഷയോടെയാണ് സ്ഥാനാര്‍ത്ഥികള്‍ ജനങ്ങളെ സമീപിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്
കാസര്‍കോട് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എത്തിയതോടെ യു.ഡി.എഫ് ക്യാമ്പ് ആവേശത്തിലായി. കാസര്‍കോട് പേരിയയില്‍ സി.പി.എം നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അക്രമ രാഷ്ട്രീയം തന്നെയാണ് മുഖ്യവിഷയം. ലോക്്‌സഭയിലേക്ക് കന്നി മത്സരമാണെങ്കിലും ഉണ്ണിത്താന്‍ നിയമസഭയിലേക്ക് രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 2006ല്‍ തലശ്ശേരിയില്‍ കോടിയേരിക്കെതിരെയായിരുന്നു മത്സരം. 2016ല്‍ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന ഉണ്ണിത്താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കാനുള്ള നിയോഗവും ഉണ്ണിത്താന് ലഭിക്കാറുണ്ട്.

കെ. സുധാകരന്‍
കണ്ണൂര്‍
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ പടപൊരുതിയ നേതാവ് കെ. സുധാകരന്‍ കണ്ണൂരില്‍ ജനവിധി തേടുന്നത് പോരാട്ടം ശ്രദ്ധേയമാക്കുന്നു. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാട്ടം നടത്തിയ പാരമ്പര്യമാണ് സുധാകരനുള്ളത്. 1996 മുതല്‍ 2009 വരെ കണ്ണൂര്‍ എം.എല്‍.എയായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ വനം,കായിക വകുപ്പുകള്‍ കൈകാര്യം ചെയ്തു.
2009ല്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച് ലോക്്‌സഭയിലെത്തി. 2014ല്‍ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019ല്‍ പി.കെ ശ്രീമതിയോട് വീണ്ടും മത്സരിക്കുമ്പോള്‍ സുധാകരന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രചാരണരംഗത്ത് മുന്നേറ്റം കുറിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിക്കുകയാണ്.

കെ. മുരളീധരന്‍
വടകര
വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആവേശം പതിന്മടങ്ങായി വര്‍ധിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ മുന്നില്‍ ഒരിക്കലും അടിയറവ് പറയില്ലെന്നാണ് കെ. മുരളീധരന്റെ നിലപാട്. ജയരാജനെ നേരിടാനുള്ള കരുത്തുള്ള സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ മാത്രമെ രാഷ്ട്രീയകേരളത്തിന് കാണാന്‍ കഴിയുകയുള്ളു. കോണ്‍ഗ്രസിലെ ഒരേയൊരു ലീഡര്‍ കെ.കരുണാകന്റെ മകന്‍ എന്ന നിലയില്‍ മുരളീധരന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമാണ്.
1989ല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ.കെ ഇമ്പിച്ചിബാവയെ തോല്‍പിച്ച് ആദ്യമായി കോഴിക്കോട് നിന്ന് പാര്‍ലമെന്റിലെത്തിയ മുരളീധരന്‍ 1991ല്‍ വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി വീണ്ടും പാര്‍ലമെന്റ് അംഗമായി. 99ലും വിജയം ആവര്‍ത്തിച്ചു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയ മുരളീധരന്‍, 2001-2004 കാലഘട്ടത്തില്‍ കെ.പി.സി.സി അധ്യക്ഷനായി. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് അസംബ്ലിയിലെത്തി. 2016ലും വിജയം ആവര്‍ത്തിച്ചു. നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനുമാണ്.

അഡ്വ. ടി സിദ്ദിഖ്
വയനാട്
എം.ഐ ഷാനവാസ് വയനാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്കായി യു.ഡി.എഫ് മത്സരിപ്പിക്കുന്ന അഡ്വ. ടി. സിദ്ദിഖ് യുവജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്. കോണ്‍ഗ്രസിന്റെ കോഴിക്കോട് ജില്ലയുടെ അമരക്കാരന്‍ എന്ന നിലയില്‍ സിദ്ദിഖ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് പൊതുസമൂഹം കാണുന്നത്. വയനാട് തികഞ്ഞ പ്രതീക്ഷയോടെയാണ് സിദ്ദിഖിനെ വരവേല്‍ക്കുന്നത്. കോഴിക്കോട് പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ച ടി സിദ്ദിഖ് നിര്‍ധന കുടുംബത്തില്‍ നിന്നാണ് പൊതുരംഗത്തെത്തുന്നത്.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ.് യു യൂണിറ്റ് പ്രസിഡണ്ട്, ദേവഗിരി കോളജ് യൂണിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂണിറ്റ് പ്രസിഡണ്ട്്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം (1997-2000), സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.(2002-2006), യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് (2006 -2008), കെ പി സി സി ജനറല്‍ സെക്രട്ടറി (2012-2016) എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബികോം ,എല്‍ എല്‍ ബി ബിരുദധാരിയായ സിദ്ദിഖ് മികച്ച വാഗ്മിയും സംഘാടകനുമാണ്്. 2014ല്‍ കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 2016ല്‍ കുന്ദമംഗലം നിയമസഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. പാവങ്ങള്‍ക്കുള്ള സബര്‍മതി ഗൃഹനിര്‍മ്മാണ പദ്ധതിയുടെ ചെയര്‍മാന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഇന്ദിരഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വെ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു.

എം.കെ രാഘവന്‍
കോഴിക്കോട്
കോഴിക്കോട് മൂന്നാം അങ്കത്തിന് തയാറെടുക്കുന്ന എം.കെ രാഘവന്‍ രണ്ടുതവണയും സി.പി.എമ്മിലെ പ്രമുഖരെയാണ് പരാജയപ്പെടുത്തിയത്. 2009ല്‍ അഡ്വ. പി.എ മുഹമ്മദ് റിയാസിനെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ എം.കെ രാഘ
വന്‍ മികച്ച ജനപ്രതിനിധിയും പാര്‍ലമെന്റേറിയനുമായി മാറുന്നതാണ് പിന്നെ കണ്ടത്. പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2014ലും കോഴിക്കോട് അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് അയച്ചു. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാഘവന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.കെ ഉഷ. മക്കള്‍: അശ്വതി രാഘവന്‍, അര്‍ജുന്‍ രാഘവന്‍.

പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം
മലപ്പുറം ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടാംതവണ ജനവിധി തേടുന്ന പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് മന്ത്രി, വിവരസാങ്കേതിക വകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രശസ്തമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധിയാണ്. എം.എസ്.എഫിലൂടെ പൊതുരംഗത്ത് സജീവമായ പി.കെ കുഞ്ഞാലിക്കുട്ടി 1982ല്‍ മലപ്പുറം മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു. 1982ലും 87ലും മലപ്പുറത്ത് നിന്ന് നിയമസഭയില്‍ എത്തി. 1991,96. 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1991ല്‍ കെ. കരുണാകരന്റെ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായി. 1995 ആന്റണി മന്ത്രിസഭയില്‍ വാണിജ്യ,വ്യവസായ മന്ത്രിയായി. 2001ല്‍ എ.കെ ആന്റണിയുടെയും 2004ല്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ വ്യവസായ, വിവരസാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2017ല്‍ ഇ. അഹമ്മദ് എം.പി മരണമടഞ്ഞതിനെതുടര്‍ന്ന്് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് ആദ്യമായി ലോക്്‌സഭയിലെത്തി. മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

ഇ.ടി മുഹമ്മദ് ബഷീര്‍
പൊന്നാനി
മാവൂര്‍ ഗ്വാളിയോര്‍ റയേണ്‍സില്‍ ജീവനക്കാരനായിരുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ തൊഴിലാളി നേതാവ് എന്ന നിലയില്‍ നേരത്തെ മുതല്‍ ശ്രദ്ധേയനായി. 1983ല്‍ മേപ്പയൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് കേരള നിയമസഭയില്‍ എത്തുന്നത്. 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1995,2004 കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2009ല്‍ പൊന്നാനിയില്‍ നിന്ന് ലോക്്‌സഭയിലെത്തി.2014ല്‍ വിജയം ആവര്‍ത്തിച്ചു. മുസ്്‌ലിംലീഗിന്റെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ദേശീയ ഹജ്ജ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

വി.കെ ശ്രീകണ്ഠന്‍
പാലക്കാട്
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.കെ ശ്രീകണ്ഠന്‍ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കെ.എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2012ല്‍ കെ.പി.സി.സി സെക്രട്ടറിയായി. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലറാണ്. ഷൊര്‍ണൂര്‍ കൃഷ്ണനിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകന്‍.

രമ്യ ഹരിദാസ്
ആലത്തൂര്‍
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിപ്പണിക്കാരായ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് രമ്യഹരിദാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കഴിവു തെളിയിച്ച രമ്യാ ഹരിദാസ് ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തകയെന്ന നിലയില്‍ അറിയപ്പെട്ടുതുടങ്ങി. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രമ്യ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

ടി.എന്‍ പ്രതാപന്‍
തൃശൂര്‍
കെ.എസ്.യുവിലൂടെ പൊതുരംഗത്ത് എത്തിയ ടി.എന്‍ പ്രതാപന്‍ കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പ്രതാപന്‍ 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. കെ.പി.സി.സി സെക്രട്ടറി, എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001ലും 2011ലും നാട്ടികയില്‍ നിന്ന് നിയമസഭയിലെത്തി.

ബെന്നി ബെഹനാന്‍
ചാലക്കുടി
യു.ഡി.എഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗമ്യസാന്നിധ്യമാണ്. 1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ബെന്നി ബെഹനാന്‍ 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗമാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗമായിരുന്നു. പതിനേഴ് വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

ഹൈബി ഈഡന്‍
എറണാകുളം
ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിലൂടെ ശ്രദ്ധേയനായ നേതാവായി മാറിയ ഹൈബി ഈഡന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡണ്ടായി. കെ.എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന്്് സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016ലും എറണാകുളത്തുനിന്ന് വിജയിച്ചു.

ഡീന്‍ കുര്യാക്കോസ്
ഇടുക്കി
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ നിന്നാണ് ജനവിധി തേടുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ ഇടുക്കിയില്‍ കഴിഞ്ഞ തവണ ചെറിയ വോട്ടിനാണ് ഡീന്‍ പരാജയപ്പെട്ടത്. ഡീന്‍ കുര്യാക്കോസിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥി സിറ്റിങ് എം.പി ജോയ്‌സ് ജോര്‍ജ്ജാണ്.

തോമസ് ചാഴിക്കാടന്‍
കോട്ടയം
ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന തോമസ് ചാഴിക്കാടന്‍ നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. നിലവില്‍ കേരള കോണ്‍ഗ്രസ് എം. ഉന്നതാധികാര സമിതി അംഗമാണ്. എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചാഴിക്കാട്ട്്് തൊമ്മന്‍ സിറിയക്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

അഡ്വ.ഷാനിമോള്‍ ഉസ്മാന്‍
ആലപ്പുഴ
ആലപ്പുഴ നഗരസഭ ആലിശേരി വാര്‍ഡില്‍ പൂപ്പറമ്പില്‍ അഡ്വ. ഷാനിമോള്‍ ഉസ്്മാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ആലപ്പുഴ എസ്.ഡി കോളജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടിയ ഷാനിമോള്‍ ലോ അക്കാദമിയില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് അംഗം, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2006ല്‍ പെരുമ്പാവൂര്‍, 2016ല്‍ ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. പ്രാസംഗിക, സംഘാടക എന്നീ നിലകളില്‍ പ്രശസ്തയാണ്. എ. ഇബ്രാഹിംകുട്ടിയുടെയും ടി.ഇ സുറക്കുട്ടിയുടെയും മകളാണ്.

കൊടിക്കുന്നില്‍ സുരേഷ്
മാവേലിക്കര
മാവേലിക്കര ലോക്്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്നാംതവണ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടാണ്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് ജനനം. കുഞ്ഞന്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്.

ആന്റോ ആന്റണി
പത്തനംതിട്ട
പത്തനംതിട്ടയില്‍ നിന്ന് ജനവിധി തേടുന്ന ആന്റോ ആന്റണി കെ.എസ്.യു ജനറല്‍ സെക്രട്ടറിയായാണ് പൊതുരംഗത്ത് സജീവമാകുന്നത്. 2004ല്‍ കോട്ടയത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. ഭാര്യ: ഗ്രേസി. രണ്ട് മക്കളുണ്ട്.

എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം
എല്‍.എല്‍.ബി ബിരുദധാരിയായ എന്‍.കെ പ്രേമചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനുളള പുരസ്‌കാരം നേടിയിട്ടുണ്ട്. 1996ലും 1998ലും 2006ലും 2011ലും 2014ലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2000-2006 കാലയളവില്‍ രാജ്യസഭാംഗമായി. 2006-11 കാലയളവില്‍ കേരള നിയമസഭയില്‍ വിജയിച്ച ജലവിഭവവകുപ്പ് മന്ത്രിയായി. ചവറ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്.

അഡ്വ. അടൂര്‍ പ്രകാശ്
ആറ്റിങ്ങല്‍
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയും നിയമസഭാ സാമാജികനുമായ അടൂര്‍ പ്രകാശ്. 1996, 2001, 2006, 2011, 2016 എന്നീ തെരഞ്ഞെടുപ്പുകളില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി നിയമസഭയിലെത്തി. 2004മുതല്‍ 2006 വരെ യു.ഡി.എഫ് മന്ത്രിസഭയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2011-2012 കാലഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴില്‍ ആരോഗ്യം, കയര്‍ വകുപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2012 മുതല്‍ 2016 വരെ റവന്യൂലീഗല്‍ മെട്രോളജി വകുപ്പുകളുടെ ചുമതല വഹിച്ചു. മികച്ച അഭിഭാഷകന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1955 മെയ് 24ന് അടൂരില്‍ എന്‍ കുഞ്ഞിരാമന്റെയും വി.എം വിലാസിനിയുടെയും മകനായാണ് അടൂര്‍ പ്രകാശിന്റെ ജനനം. സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. കൊല്ലം എസ്.എന്‍ കോളജ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി തുടക്കം.

ഡോ. ശശി തരൂര്‍
തിരുവനന്തപുരം
2009ലും 2014ലും തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്്‌സഭയില്‍ എത്തിയ ഡോ. ശശി തരൂര്‍ ഐക്യരാഷ്ട്രസഭയിലെ സേവനം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായത്. ഐക്യരാഷ്ട്രസഭയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മികച്ച പങ്ക് വഹിച്ച ആളാണ് തരൂര്‍. രണ്ടാം യു.പി.എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലും സഹമന്ത്രിയായി.

columns

ചിന്തന്‍ ശിബിരത്തിന്റേത് വലിയ രാഷ്ട്രീയ ലക്ഷ്യം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

Published

on

ഉമ്മന്‍ചാണ്ടി/ ഫിര്‍ദൗസ് കായല്‍പ്പുറം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

? ചിന്തന്‍ ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്‍ ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്‍ട്ടിക്കും എതിരെയായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചിന്തന്‍ ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്.

? അത്തരമൊരു ചര്‍ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ

ഞങ്ങള്‍ ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്‍നിന്ന് ചില കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്‍ട്ടിയാണെന്നോ, അവര്‍ എപ്പോള്‍ വരുമെന്നോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്നവരില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്‍ വന്നാല്‍ യു.ഡി.എഫ് സ്വീകരിക്കും. മുന്‍കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കും യു.ഡി.എഫില്‍ സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്‍ ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.

? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്‍ പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്‍ ആര്‍ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്‍ ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ

അതിന് മറുപടി പറയാന്‍ ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്‍നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്‍ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്‍കുന്നത്തുനിന്നാണ് ഒരാള്‍ മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്‍ ടവര്‍ നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്‍കുന്നത്തുനിന്ന് മാണിയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്‍ ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്‍ ഡ്രൈവര്‍ കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്‍ പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്‍ ക്രൂരമായി ആക്ഷേപിച്ചത്.

? അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്‍ത്ത സംഭവം. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ സെപ്തംബര്‍ 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്‍ ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്‍ മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.

? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍. ഇ.ഡി വിഷയത്തില്‍ പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്

പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്. ജവഹര്‍വാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല.

? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്‍ത്തനം, ശൈലി

കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്‍സോണും ഉള്‍പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്‍ ഞങ്ങള്‍ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്‍മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.

? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്‍ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു

കെ.ടി ജലീല്‍ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്‍ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

? ചിന്തന്‍ ശിബിരത്തിലൂടെ കോണ്‍ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ

കോണ്‍ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ദൗര്‍ബല്യം തീര്‍ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്‍. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്‍കുന്നത് വലിയ സംഭാവനകള്‍ തന്നെയാണ്.

? പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് ഉയിര്‍ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ എ.ഐ.സി.സി തലത്തില്‍ ആരംഭിച്ചിട്ടുണ്ടോ

2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് പൂര്‍ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കും.

Continue Reading

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Trending