തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാല്‍, സഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന യു.ഡി.എഫിന്റെ അടിയന്തരയോഗം തീരുമാനിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ സമരത്തിലൂടെ കഴിഞ്ഞതായി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരം പിന്‍വലിക്കുന്നതേയില്ല. 11 ദിവസം അവധിയായതിനാലാണ് സഭയിലെ സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്നത്.

17ന് രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് നിയമസഭയിലെ തുടര്‍സമരങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. എം.എല്‍.എമാരുടെ നിരാഹാരം തുടരണമോ, വേണ്ടയോ എന്ന് ഈ യോഗത്തില്‍ തീരുമാനിക്കും. സമരം നിര്‍ത്തുമ്പോള്‍ നിരാശയല്ല, തികഞ്ഞ സംതൃപ്തിയാണെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെല്ലാം സ്വാശ്രയപ്രശ്‌നത്തില്‍ സമരം നടത്തിയവര്‍ അധികാരത്തില്‍ വന്നപ്പോള്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളേയും വഞ്ചിച്ചു. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്ന് എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും യു.ഡി.എഫ് മാര്‍ച്ച് നടത്തും. 15, 16 തിയതികളിലായി വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും സര്‍ക്കാറിന്റെ സ്വാശ്രയവഞ്ചന തുറന്നുകാട്ടി ജനകീയ സദസ് സംഘടിപ്പിക്കും.

17ന് വൈകിട്ട് എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ജനകീയ സദസ് ചേരും. സ്വാശ്രയപ്രശ്‌നത്തില്‍ എല്‍.ഡി.എഫിന്റെ ജനവഞ്ചന തുറന്നുകാട്ടി വരുംദിവസങ്ങളില്‍ തുടര്‍പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി യു.ഡി.എഫ് യോഗം 17ന് വൈകിട്ട് നാലിന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സ്വാശ്രയ പ്രവേശനം ഏഴിന് പൂര്‍ത്തിയാവുന്നതിനാല്‍ തുടര്‍സമരത്തിന് പ്രസക്തിയുണ്ടോയെന്ന ചോദ്യത്തിന് അന്നു പ്രവേശനം പൂര്‍ത്തിയാവുമോയെന്നതില്‍ സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഓരോതരത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്.

നിരവധി പരാതികളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നാലു മാസത്തിനിടെ സര്‍ക്കാറിന്റെ പാപ്പരത്തം തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. വന്‍ജനപിന്തുണയാണ് സമരത്തിന് ലഭിച്ചത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് സ്വാശ്രയപ്രശ്‌നം ഇത്രയും സങ്കീര്‍ണമാക്കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടേയും പരിപൂര്‍ണ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. തന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മൂടുപടം പൂര്‍ണമായും അഴിഞ്ഞുവീണു. സ്വാശ്രയവിഷയത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കു പോലും വിത്യസ്ത അഭിപ്രായമുണ്ട്. കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചോദിച്ചു.