ശൈഖ് ഹംദാന്‍ പാക് ഡ്രൈവറെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിച്ചു

ദുബൈ: ദുബൈ ക്രീക്കില്‍ ഓള്‍ഡ് സൂഖില്‍ നിന്ന് ബനിയാസിലേക്കും തിരിച്ചും അബ്‌റയിലെ കടത്തു ബോട്ടിന്റെ നായകനെ തേടി ഒരു വിശിഷ്ട യാത്രികന്‍ എത്തി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമായിരുന്നു പാക് ഡ്രൈവര്‍ മുബാശര്‍ സഹൂര്‍ ഇലാഹി നയിക്കുന്ന ബോട്ടിലേക്ക് അപ്രതീക്ഷിതമായി കയറിവന്നത്.
എട്ടു വര്‍ഷമായി അബ്‌റയിലെ കടത്തുകാരനാണ് മുബാശര്‍. പാകിസ്താനിലെ പഞ്ചാബില്‍ നിന്നു വരുന്ന 25കാരനെ ശൈഖ് ഹംദാന്‍ മികച്ച ക്യാപ്റ്റനെന്നാണ് വിശേഷിപ്പിച്ചത്. അക്കാര്യം മുബാശറിനോട് പറയുക മാത്രമല്ല, സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തത്സമയ വീഡിയോ ആയി പോസ്റ്റുചെയ്യുകയും ചെയ്തു ശൈഖ് ഹംദാന്‍. ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ 60 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. 65,000 ലൈക്കുകളും 2,000 കമന്റുകളും ലഭിച്ച വീഡിയോയില്‍ ശൈഖ് ഹംദാന്‍ മുബാശറിന്റെ അടുത്ത് ചെന്നു പേരു ചോദിക്കുന്നതായും ഒടുവില്‍ ദൈവാനുഗ്രഹം ആശംസിക്കുന്നതായും കാണാം.
ദുബൈ കിരീടാവകാശിയെ മുഖാമുഖം കാണാന്‍ കഴിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്നും അതൊരു സ്വപ്‌നം പോലെ തോന്നുകയാണെന്നും മുബാശര്‍ മാധ്യമങ്ങളോടു പറഞ്ഞു.