ന്യൂഡല്‍ഹി: താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചടി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകം വഖഫ് ബോര്‍ഡിന് വിട്ടുനല്‍കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ ഭാവിയില്‍ മറ്റു ചരിത്ര സ്മാരകങ്ങളിന്മേലും ബോര്‍ഡ് അവകാശവാദമുന്നയിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

കഴിഞ്ഞയാഴ്ച, തങ്ങളുടെ വാദം തെളിയിക്കാന്‍ ഷാജഹാന്റെ കൈയൊപ്പോടു കൂടിയ രേഖയുമായി ഹാജരാവാന്‍ സുപ്രീം കോടതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു രേഖയില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. താജ്മഹലില്‍ ആചാരകര്‍മങ്ങള്‍ നടത്താന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കാറുണ്ടെന്നും അതിനാല്‍ അത് വഖഫ് വസ്തുവാണെന്നും ബോര്‍ഡ് അവകാശപ്പെട്ടു.

മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ നിര്‍മിച്ച ആഗ്രയിലെ ഫത്തേപൂര്‍ സിക്രിയുടെ ഒരു ഭാഗം വഖഫ് വസ്തുവാണ്. ഒരു പള്ളിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ അടുത്തുള്ള ഭാഗങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് എ.എസ്.ഐ ആണെന്നും വഖഫ് ബോര്‍ഡ് കോടതിയെ ബോധിപ്പിച്ചു.

പരിപാലന ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം താജ്മഹലിനെ വഖഫ് വസ്തുവായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് വഖഫ് ബോര്‍ഡ് എ.എസ്.ഐയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവരുടെ അഭിഭാഷകന്‍ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്നത് ഭാവിയില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും ചെങ്കോട്ടയടക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ക്കു മേല്‍ അവകാശവാദം ഉന്നയിക്കപ്പെടാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചത്.

2005-ല്‍ താജ് മഹല്‍ വഖഫ് വസ്തുവായി വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് 2010-ലാണ് എ.എസ്.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 27-നാണ്.