പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പണം നല്‍കിയില്ലെങ്കില്‍ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 89540 മെട്രിക് ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചത്. ഇതിനായി 233 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടിവരും. പ്രളയത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ അരി സൗജന്യമായി നല്‍കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. നേരത്തെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലത്തുന്നുമുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നുമാണ് കേന്ദ്രനിലപാടെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന്് ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യു.എന്‍. അറിയിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

പ്രളയക്കെടുതില്‍ 20000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്. നിരവധി വീടുകള്‍ നശിച്ചിട്ടുണ്ട്. പല റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്.
നിരവധി പാലങ്ങളും പുനര്‍ നിര്‍മ്മിക്കേണ്ട സ്ഥിതിയിലാണുള്ളത്.