kerala

കേന്ദ്ര വഖഫ് ബില്ലിനെ ഒന്നിച്ച് എതിര്‍ക്കും: മുസ്‌ലിം സംഘടനാ നേതൃയോഗം

By webdesk17

March 08, 2025

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്താനും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മുസ്ലിം സംഘടനാ നേതൃയോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. എല്ലാ മതങ്ങളുടെയും, വിശിഷ്യാ ന്യൂനപക്ഷ മതങ്ങളുടെ സ്വത്തുക്കളില്‍ പിടിമുറുക്കാനുള്ള കേന്ദ്ര പദ്ധതിയാണിത്. ഇതൊരു മുസ്ലിം പ്രശ്നമല്ല. ഇത്തരം ബില്ലുകള്‍ പാസായാല്‍ നാളെ ക്രൈസ്തവരുടെയും സിഖുകാരുടെയും മറ്റു മതസ്ഥരുടെയും സ്വത്തുക്കളില്‍ കൈകടത്താനുള്ള ശ്രമമുണ്ടാകും. ഇത് തിരിച്ചറിഞ്ഞ് കൊണ്ട് രാജ്യം ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തിറങ്ങണം. ശക്തമായ നിയമ പോരാട്ടവും പ്രതിഷേധവും ഒന്നിച്ച് നടത്താനുള്ള കര്‍മ്മപദ്ധതികള്‍ സംഘടനാ നേതാക്കള്‍ പിന്നീട് തീരുമാനിക്കും. എല്ലാ വഖഫ് സ്വത്തുക്കളെയും ഡിസ്പ്യൂട് ലാന്‍ഡ് ആക്കി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കുറവുള്ള രാജ്യത്തെ ഇത്തരം ട്രെബ്യൂണലുകള്‍ കൂടി ദുര്‍ബലമായാല്‍ മുനമ്പം അടക്കമുള്ള ഇരകള്‍ ഈ ബില്ലിലൂടെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടപ്പെടും. – യോഗം വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണി വഖഫ് ബില്ലിനെതിരെ രംഗത്ത് വരണമെന്നും വഖഫ് ബില്ലിനെ പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഐ.ഐ മജീദ് സ്വലാഹി, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, ഐ.പി അബ്ദുസ്സലാം, പി. മുജീബ് റഹ്‌മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബ് പൂക്കോട്ടൂര്‍, ടി.കെ അശ്‌റഫ്, കെ. സജ്ജാദ്, എ. നജീബ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, കെ.കെ കുഞ്ഞിമൊയ്തീന്‍, പി. ഉണ്ണീന്‍, എഞ്ചി. പി. മമ്മദ് കോയ, സി.പി കുഞ്ഞുമുഹമ്മദ്, ഡോ. കെ. മൊയ്തു ചര്‍ച്ചയില്‍ പങ്കെടുത്തു.