X

ഉന്നാവോ കൂട്ടബലാത്സംഗം; ഇരയെ പ്രതിയാക്കി യു.പി പൊലീസ്

ലക്‌നോ: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യാജമാണെന്ന് കാട്ടിയാണ് പൊലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. പെണ്‍കുട്ടിക്കും മാതാവിനും മാതാവിന്റെ സഹോദരനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രേഖകള്‍ വ്യാജമാണെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

പീഡന സമയത്ത് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ച് പെണ്‍കുട്ടിയും അമ്മയും അമ്മയുടെ സഹോദരനും ചേര്‍ന്ന് വ്യാജ ടി.സി തയ്യാറാക്കിയെന്നാണ് പരാതി.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നടന്ന കൂട്ട ബലാത്സംഗത്തില്‍ നടപടി തണിപ്പിച്ച യുപി പൊലീസ് സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഏപ്രിലില്‍ 11 പേരെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറാണ് മുഖ്യ പ്രതി. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് കുല്‍ദീപ് സിങ് പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കിയത്. ജോലി വാഗ്ദാനം ചെയ്ത് എം.എല്‍.എയുടെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് നാല് പേര്‍ കൂടി പീഡിപ്പിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് സമീപം പെണ്‍കുട്ടിയും പിതാവും ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കേസ് സംബന്ധിച്ച കോടതി നടപടികള്‍ തുടരവെയാണ് മറ്റൊരു പ്രതിയായ ഹരിപാല്‍ സിങിന്റെ ഭാര്യ കോടതിയെ സമീപിച്ചത്.

കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ച് വരുകയാണെന്ന് ഉന്നാവോ മക്കി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ദിനേശ് ചന്ദ്ര മിശ്ര പറഞ്ഞു. ആള്‍മാറാട്ടം, വഞ്ചന, വഞ്ചന നടത്താനായി സര്‍ട്ടിഫിക്കറ്റില്‍ കള്ളയൊപ്പിടല്‍ എന്നീ കുറ്റങ്ങള്‍ എഫ്ഐആറില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ടെന്നും ചന്ദ്ര മിശ്ര കൂട്ടിച്ചേര്‍ത്തു.

chandrika: