കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മ വണ്ണത്താംകണ്ടി സൗമ്യ (28) അറസ്റ്റിലായി. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു.

ഒരു കുടുംബത്തിലുണ്ടായ തുടര്‍ച്ചയായ മരണങ്ങള്‍ സംശയമുണ്ടാക്കിയതോടെയാണ് സൗമ്യയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലക്ക് മീന്‍ കറിയിലും മകള്‍ ഐശ്വര്യക്ക് ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇളയ മകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും സൗമ്യ മൊഴി നല്‍കിയതായാണ് വിവരം.