X

യു.പി: ഒന്നാംഘട്ടം 64 ശതമാനം പോളിങ്

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64 ശതമാനം പോളിങ്. മുസഫര്‍നഗര്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ യു.പിയുടെ ഭാഗമായ 15 ജില്ലകളിലായി 73 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. ഏഴു ഘട്ടങ്ങളിലായാണ് യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

കാലത്ത് എട്ടു മണിക്ക് ആരംഭിച്ച ഒന്നാംഘട്ട പോളിങ് വൈകീട്ട് അഞ്ചുമണിക്ക് അവസാനിച്ചു. ഭാഗ്പാട്ടിലും മീററ്റിലുമുണ്ടായ ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭാഗ്പാട്ടിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ സഹോദരന്‍ തോക്കുമായി പോളിങ് ബൂത്തിലെത്തിയതാണ് മീററ്റില്‍ സംഘര്‍ഷത്തിനിടയാക്കിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. 839 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ മത്സര രംഗത്തുള്ളത്.

ഈ മാസം 15നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 11 ജില്ലകളിലായി 67 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുക. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊടിയിറങ്ങും. ഫെബ്രുവരി 19നാണ് മൂന്നാംഘട്ട പോളിങ്.

chandrika: