ലക്‌നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി. ജെ.പി നേതാക്കള്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം.
നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കെട്ടികിടക്കുന്ന കേസുകള്‍ എഴുതി തള്ളാന്‍ ശിപാര്‍ശ ചെയ്യുന്ന നിയമ ഭേദഗതിക്കും യു.പി സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ആദിത്യനാഥിനു പുറമെ കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, ബി.ജെ.പി എം.എല്‍.എ ശീതള്‍ പാണ്ഡെ തുടങ്ങി 15 പേര്‍ പ്രതികളായ കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ് മറികടന്ന് നിയമ വിരുദ്ധമായി സംഘടിച്ച കുറ്റത്തിന് 1995 മെയ് 27 ന് ഗോരഖ്പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി സഹകരിക്കാത്തതോടെ പ്രതികള്‍ക്കെതിരെ 2015ല്‍ കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. ഈ സാഹര്യത്തില്‍ കേസ് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് ആദ്യം യോഗിയും കൂട്ടരും മജിട്രേറ്റിന് കത്ത് നല്‍കി.

പിന്നാലെ കേസ് പിന്‍ലിക്കുന്നതായി കാണിച്ച് മജിസ്ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ നടപടിയുണ്ടാകുന്നത് ഒഴിവാക്കുന്നതിനായാണ് നിയമഭേദഗതിയെന്ന് യോഗി ആദിത്യനാഥ് നിയമസഭയില്‍ പറഞ്ഞു. ആദിത്യനാഥിനെതിരെ സംസ്ഥാനത്ത് ഇരുപതിനായിരത്തോളം കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.