ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കെയ്‌രാനയില്‍ നടക്കുന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൂട്ടത്തകരാണ്. പോളിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം 99 യന്ത്രങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തബസ്സും ഹസന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

കെയ്‌രാന മണ്ഡലത്തിന്റെ ഭാഗമായ കെയ്‌രാന, ഷംലി, ഗംഗോഹ്, ഗണഭവന്‍, നാക്കുഡ് എന്നീ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലും യന്ത്രങ്ങള്‍ കൂട്ടത്തോടെ കേടുവന്നു. ഷംലിയില്‍ മാത്രം 47-ഉം ഷംലിയില്‍ 31-ഉം ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായി. എന്നാല്‍, യന്ത്രം കേടാണെന്ന പരാതി ഉയര്‍ന്നിട്ടും പോളിങ് നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന് തബസ്സും ഹസ്സന്‍ ചീഫ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ നൂര്‍പൂരിലും യന്ത്രങ്ങള്‍ കേടുവന്നതായി സമാജ്‌വാദി പാര്‍ട്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദളിത്, മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ മാത്രം യന്ത്രങ്ങള്‍ കേടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഉദൈവീര്‍ സിങ് പറഞ്ഞു.

‘യന്ത്രങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണ്. ഇതാണ് ഡിജിറ്റല്‍ ഇന്ത്യയും നമ്മുടെ വികസനവും’ – ഉദയ്‌വീര്‍ പറഞ്ഞു.

‘നൂര്‍പൂരില്‍ ഉത്തരവാദിത്തമുള്ള 90 ശതമാനം ഓഫീസര്‍മാരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ബി.ജെ.പിയെ എന്തു വിലകൊടുത്തും വിജയിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചതു പോലെയാണ് കാര്യങ്ങള്‍.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.