columns
അടുത്തടുത്തുവരുന്ന ബുള്‍ഡോസറുകള്‍- ടി.കെ പ്രഭാകരകുമാര്‍
കര്‍ണാടക ഒഴികെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലെങ്കിലും ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിലും അവര്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സ്വീകാര്യതയുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഈ നിലയ്ക്കുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും സജീവമാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമെന്ന നിലക്ക് കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രാവര്‍ത്തികമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളവും അനുഭവിക്കേണ്ടിവരും. കര്‍ണാടകയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദളും അടക്കമുള്ള കക്ഷികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ആസന്നമായ വിപത്തിനെ ചെറുക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.
ടി.കെ പ്രഭാകരകുമാര്‍
ന്യൂനപക്ഷ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെയും സംഘ്പരിവാരിന്റെയും ബുള്‍ഡോസര്‍ രാഷ്ട്രീയം ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതാന്‍ സാധിക്കില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും അതിന്റെ യന്ത്രക്കൈകള്‍ ഉയര്‍ന്നുവരാനിടയുണ്ടെന്ന വ്യക്തമായ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലും ഇപ്പോഴിതാ ഷെഹിന്ബാഗിലും കുടിയേറ്റക്കാരായ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ താമസിക്കുന്ന ചേരിപ്രദേശങ്ങള്‍ ഇടിച്ചുനിരത്തിയ ബുള്‍ഡോസറുകള്‍ പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. മുസ്ലിം ജനവിഭാഗങ്ങളുടെ സാമുദായികവും സാമ്പത്തികവുമായ അസ്തിത്വങ്ങള്‍ തകര്‍ത്ത് അവരെ നിരാലംബരും നിസഹായരുമാക്കി തീര്‍ക്കുകയെന്നതാണ് ആ അജണ്ട. അവരുടെ ഉപജീവനമാര്‍ഗങ്ങളെ ഇല്ലായ്മ ചെയ്തും അന്തിയുറങ്ങാനുള്ള ഇടം പോലും നിഷേധിച്ചും മേല്‍വിലാസം മായ്ച്ചുകളഞ്ഞും രേഖകളില്‍നിന്ന് ഒഴിവാക്കിയും ഭിക്ഷക്കാരേക്കാള്‍ ദയനീയാവസ്ഥയില്‍ എത്തിക്കുന്നതിനുള്ള കര്‍മപദ്ധതികളുടെ പരീക്ഷണമാണ് ന്യൂഡല്‍ഹിയിലെ ജഹാംഗിര്‍ പുരിയിലടക്കം കണ്ടത്. അത്യന്തം ഹൃദയഭേദകവും കരലളിയിക്കുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് ജഹാംഗിര്‍പുരിയില്‍ പ്രകടമായത്. സമീപകാലത്തൊന്നും ഭരണകൂട ഭീകരതയുടെ ഇത്രയും ക്രൗര്യം നിറഞ്ഞ ചെയ്തികള്‍ രാജ്യം ദര്‍ശിച്ചിട്ടില്ല. മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന നിരവധി കുടിലുകളാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തെറിഞ്ഞത്. എത്രയോ കടകളും നശിപ്പിക്കപ്പെട്ടു. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനാണ് അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ദരിദ്ര സമൂഹത്തിന്റെ ജീവിതത്തിലേക്ക് ബുള്‍ഡോസര്‍ ഓടിച്ചുകയറ്റിയത്. ജീവിതത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന, അന്നന്ന് ജോലി ചെയ്തില്ലെങ്കില്‍ അത്താഴപ്പട്ടിണി കിടക്കേണ്ടിവരുന്ന കുടുംബങ്ങളോടായിരുന്നു ഈ കൊടും ക്രൂരതകളൊക്കെയും. പശ്ചിമബംഗാള്‍, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഇവര്‍ ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റാണ് അന്നത്തിന് വക കണ്ടെത്തുന്നത്. അത്രയ്ക്കും ദരിദ്രാവസ്ഥയിലുള്ള ജനങ്ങളുടെ വാസകേന്ദ്രമാണ് ഭരണകൂടം തകര്‍ത്ത് തരിപ്പണമാക്കിയത്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞുനോക്കുന്ന കുഞ്ഞുങ്ങളുടെ ദൈന്യതയാര്‍ന്ന മുഖം ഇന്ത്യയുടെ ഇന്നത്തെ ഭരണവ്യവസ്ഥക്ക് നേരെ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതാണോ എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കണ്ട് ലോകത്തിന് ആകെ മാതൃകയായ എന്റെ രാജ്യം എന്നാണ് ആ കുരുന്നുമുഖങ്ങള്‍ ചോദിക്കാതെ ചോദിക്കുന്നത്. ഇവിടെ ഒന്നാംതരം പൗരന്മാരും രണ്ടാം തരം പൗരന്മാരും പൗരത്വമേ ഇല്ലാത്തവരും എന്ന രീതിയില്‍ മനുഷ്യരോട് വിവേചനം കാണിക്കുന്ന ഏതു തരം ഭരണഘടനയാണ് നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന ചോദ്യവുമുണ്ട്. ഈ രാജ്യത്ത് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശവും മതം നോക്കിയാണോ നിശ്ചയിക്കുന്നതെന്ന മറ്റൊരു ചോദ്യവും അദൃശ്യമായി ഉയര്‍ത്തപ്പെടുന്നുണ്ട്.
ആയുസിലെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട് വിലപിക്കുന്ന ആ ജനങ്ങളെ നോക്കി തങ്ങളുടെ ക്രൂരതക്ക് സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോഴും ന്യായീകരണം ചമയ്ക്കുകയാണ്. സ്വന്തമായി നല്ലൊരു കൂര പോലും ഇല്ലാത്ത ഈ ജനസമൂഹം കലാപകാരികളാണത്രെ. ആരാണ് അവിടെ കലാപമുണ്ടാക്കിയതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായറിയാം. ഹനുമാന് ജയന്തിയുടെയും രാമനവമിയുടെയും മറ്റ് മതപരമായ ആഘോഷങ്ങളുടെയും പേരില്‍ ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ നടത്തിയത് തീവ്രഹിന്ദുത്വ സംഘടനകളാണ്. ഈ രീതിയിലുള്ള അക്രമങ്ങള്‍ ജഹാംഗിര്‍പുരിയിലും നടന്നു. വിവിധ ജാതി മത ഭാഷാവിഭാഗങ്ങളില്പെട്ടവര് താമസിക്കുന്ന പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധവും പ്രത്യാക്രമണങ്ങളും സ്വാഭാവികമാണ്. എന്നാല്‍ അത്തരമൊരു സാഹചര്യം രൂപപ്പെടാന്‍ മുന്‍കൈയെടുക്കാറുള്ളത് സംഘ്പരിവാറുകാര്‍ തന്നെയാണെന്നതാണ് ഇതുവരെയുള്ള അനുഭവം. പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ തന്നെ ഉത്തരവാദികളായി മറ്റൊരു വിഭാഗത്തെ കാണുകയും അതിന്റെ പേരില്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലും പ്രകടമായത്. ഡല്‍ഹിയിലെ ഇടിച്ചുനിരത്തല്‍ തടയാന്‍ ഒടുവില്‍ സുപ്രീംകോടതിക്ക് തന്നെ ഇടപെടേണ്ടിവരുന്നു. ഇതില്‍ നിന്നുതന്നെ അവിടത്തെ ഒഴിപ്പിക്കല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമായിരിക്കുകയാണ്. വീടുകളും കടകളും ഇടിച്ചുനിരത്തുന്ന നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുപോലും ഒഴിപ്പിക്കല്‍ തുടരുകയായിരുന്നു. പിന്നീട് ഇത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് കാണിക്കേണ്ടിവന്നു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍നിന്ന് ബുള്‍ഡോസര്‍ തല്ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ആശങ്ക അവസാനിക്കുന്നില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കലിന് മുന്നിട്ടിറങ്ങിയതെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ട സുപ്രീംകോടതി ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നതും പ്രത്യേക സമുദായത്തെ മാത്രം ഉന്നംവെച്ച് നടത്തിയ നീക്കങ്ങളും സുപ്രീം കോടതി തന്നെ പരാമര്‍ശിച്ചപ്പോള്‍ ജുഡീഷ്യറിക്കും ഭരണഘടനക്കും ബി.ജെ.പിയുടെ പ്രാദേശിക ഭരണകൂടം പുല്ലുവിലയാണ് കല്‍പ്പിച്ചതെന്ന് വ്യക്തമാകുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണമെന്ന ഭരണഘടനാ വ്യവസ്ഥ അട്ടിമറിക്കുന്നുവെന്ന് മാത്രമല്ല ന്യൂനപക്ഷ വിഭാഗങ്ങളെ ഏതുവിധേനയും ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വര്‍ഗീയ ഗൂഡ താല്പര്യങ്ങളോടെയുള്ള ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് തുടക്കമിട്ടത്. അവിടെത്തെ മുസ്ലിം സമുദായത്തില്‍പെട്ട കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ബുള്‍ഡോസറുകളെ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യാമെന്ന് യോഗി കാണിച്ചുതന്നു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ ഒഴിപ്പിക്കലുകള്‍ നടക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷവാസകേന്ദ്രങ്ങളിലേക്കുള്ള ബുള്‍ഡോസര്‍ അധിനിവേശം കര്‍ണാടകയിലും പരീക്ഷിക്കാനാകുമോയെന്ന ആലോചനയിലാണ് ബൊമ്മെ സര്‍ക്കാരും ബി.ജെ.പി സംഘ്പരിവാര്‍ നേതൃത്വങ്ങളും. കഴിഞ്ഞ ദിവസം കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലും വൈദ്യുതി മന്ത്രി വി. സുനില്‍കുമാറും നടത്തിയ പ്രസ്താവനകള്‍ ആ വിധത്തിലുള്ളതാണ്. കര്‍ണാടകയില്‍ കലാപകാരികളെ അടിച്ചമര്‍ത്താന്‍ ബുള്‍ഡോസര്‍ രാഷ്ട്രീയം വേണ്ടിവരുമെന്നായിരുന്നു ഇരുവരുടെയും ഭീഷണി. കലാപകാരികള്‍ എന്നതുകൊണ്ട് നളിന്‍കുമാറും സുനില്‍കുമാറും ഉദ്ദേശിക്കുന്നത് മുസ്ലിം സമുദായത്തെയാണെന്ന് വ്യക്തം. കര്‍ണാടകയില്‍ ഹിജാബിന്റെയും ഹലാല്‍ ഭക്ഷണത്തിന്റെയും ക്ഷത്രോല്സവങ്ങള്ക്കിടയിലെ കച്ചവടങ്ങളുടെയും പേരില്‍ മുസ്ലിം ജനവിഭാഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അവിടത്തെ സാമൂഹികാന്തരീക്ഷം കലുഷിതമാണ്. ജീവിക്കാനും ഉപജീവനമാര്‍ഗവും വിശ്വാസ സ്വാതന്ത്ര്യവും സംരക്ഷിക്കാനും കര്‍ണാടകയില്‍ നടക്കുന്ന സമരങ്ങളെയാണ് സര്‍ക്കാര്‍ കലാപമായും തീവ്രവാദ പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നത്. ഇനിയും ശബ്ദിച്ചാല്‍ ബുള്‍ഡോസര്‍ കയറ്റിവിടുമെന്ന ധ്വനിയാണ് ബി.ജെ.പി നേതാക്കളുടെ വാക്കുകളിലുള്ളത്. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അങ്ങേയറ്റം ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകളായ ജനവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഇവരുടെ ബുള്‍ഡോസര്‍ പ്രയോഗഭീഷണി. അരികില്‍ വര്ഗീയബുള്ഡോസറുകള് എത്തുമെന്ന യാഥാര്‍ഥ്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഇപ്പോള്‍ മുതല്‍ തന്നെ ചെറുത്തുനില്‍പ്പിന് തുടക്കമിടണം. കര്‍ണാടക ഒഴികെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലെങ്കിലും ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടങ്ങളിലും അവര്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് സ്വീകാര്യതയുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഈ നിലയ്ക്കുള്ള വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തില്‍ പോലും സജീവമാണ്. കേരളത്തിന്റെ അയല്‍ സംസ്ഥാനമെന്ന നിലക്ക് കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാഷ്ട്രീയം പ്രാവര്‍ത്തികമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കേരളവും അനുഭവിക്കേണ്ടിവരും. കര്‍ണാടകയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ജനതാദളും അടക്കമുള്ള കക്ഷികള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ആസന്നമായ വിപത്തിനെ ചെറുക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചേ മതിയാകൂ.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india3 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala13 hours agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala3 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
-
india1 day agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
