അങ്കാറ: ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ തുര്‍ക്കി. നടപടികളുമായി മുന്നോട്ടു പോകുകയാണെങ്കില്‍ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിഛേദിക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി. യുഎസ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. കടുത്ത ഭാഷയിലാണ് തുര്‍ക്കി ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചത്.

മിസ്റ്റര്‍ ട്രംപ്, ജറൂസലേം മുസ്‌ലിംകളുടെ റെഡ് ലൈന്‍ ആണ്. തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം മുന്നോട്ടു പോകുകയാണെങ്കില്‍ ഇസ്രാഈലുമായുള്ള സഹകരണം നിര്‍ത്തേണ്ടതായി വരും. ഇതില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഫലസ്തീന്‍ അതോറിറ്റി, സഊദി അറേബ്യ, അറബ് ലീഗ് എന്നിവിടങ്ങളില്‍ നിന്നുള്ള അപസ്വരങ്ങള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചതായി യുഎസിലെ മുതിര്‍ന്ന വക്താവ് വ്യക്തമാക്കി. ഈ മാസം ആറിന് പ്രഖ്യാപനം നടത്താനായിരുന്നു ട്രംപിന്റെ നീക്കം.

എന്നാല്‍, ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറെഡ് കുഷ്‌നര്‍ പ്രഖ്യാപനം നടത്തുമെന്നത് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. പതിറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാര്‍ തുടരുന്ന കീഴ്‌വഴക്കം ട്രംപ് തെറ്റിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തുര്‍ക്കിയുടെ ഭീഷണി അംഗീകരിക്കില്ലെന്ന് ഇസ്രാഈല്‍ വ്യക്തമാക്കി. ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതു കാത്തിരിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നും ഇസ്രാഈല്‍ വക്താവ് അറിയിച്ചു.