വാഷിങ്ടണ്‍: ഇസ്രാഈല്‍ – ഫലസ്തീന്‍ പ്രശ്‌നത്തിന് അന്തിമ പരിഹാരമായി ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1949-ല്‍ യു.എന്‍ നിശ്ചയിച്ച ഗ്രീന്‍ ലൈന്‍ കണക്കിലെടുക്കാതെ ഇസ്രാഈലിന് അനുകൂലമായി അതിര്‍ത്തി നിശ്ചയിച്ചു കൊണ്ട് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് യു.എസ്, ഫലസ്തീന്‍ അധികൃതരെ ഉദ്ധരിച്ച് ‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016 തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇസ്രാഈല്‍ – ഫലസ്തീന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ അന്തിമ കരാര്‍ കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

ഗസ്സ മുനമ്പ്, വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ നിയന്ത്രണത്തില്‍ ഇല്ലാത്തതോ ഭാഗികമായി മാത്രമുള്ളതോ ആയ മേഖലകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് അതിര്‍ത്തി നിശ്ചയിക്കാനാണ് അമേരിക്കയുടെ നീക്കം എന്നറിയുന്നു. അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് ഇസ്രാഈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫലസ്തീന്‍ പ്രദേശങ്ങള്‍, അറബികള്‍ക്ക് നഷ്ടമാകുന്ന വിധത്തിലാണ് ട്രംപിന്റെ രാഷ്ട്ര സങ്കല്‍പം. ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനു മേല്‍ അമേരിക്കയും അറബ് മേഖലയിലെ സഖ്യകക്ഷികളും സമ്മര്‍ദം ചെലുത്തുകയാണെന്നും ‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ രാജ്യത്തെ അടിസ്ഥാന സൗകര്യ നിര്‍മാണത്തിനായി സന്നദ്ധ രാഷ്ട്രങ്ങളില്‍ നിന്ന് 10 ലക്ഷംകോടി ഡോളര്‍ സമാഹരിക്കും. വിമാനത്താവളം, ഗസ്സയില്‍ ഒരു തുറമുഖം, താമസ – കൃഷി – വ്യാവസായിക സംവിധാനങ്ങള്‍, പുതിയ നഗരങ്ങള്‍ എന്നിവ ഇതുകൊണ്ട് നിര്‍മിക്കും. ഇക്കാര്യത്തില്‍ ഇസ്രാഈലിന്റെ നിലപാടും വിവിധ രാഷ്ട്രങ്ങളിലുള്ള ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവും പിന്നീട് ചര്‍ച്ചകളിലൂടെ തീരുമാനിക്കും.

ഇസ്രാഈല്‍ – ഫലസ്തീന്‍ സമാധാന വിഷയത്തിലുള്ള ട്രംപിന്റെ പ്രത്യേക ഉപദേശകന്‍ ജാരെദ് കുഷ്‌നറുടെ നേതൃത്വത്തിലുള്ള സംഘം പുതിയ പദ്ധതിയെപ്പറ്റി സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയെന്നും പുതിയ ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണത്തില്‍ സൗദി നിര്‍ണായക പങ്ക് വഹിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1967-ലെ ഓസ്ലോ കരാര്‍ വ്യവസ്ഥകള്‍ ഇസ്രാഈല്‍ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്ര നിര്‍മാണത്തിന് മഹ്മൂദ് അബ്ബാസ് ഒരുക്കമാണെന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ പറയുന്നത്. ഓസ്ലോ കരാര്‍ അനുസരിച്ചാണെങ്കില്‍ കയ്യേറിയ ഭൂമി ഇസ്രാഈല്‍ വിട്ടുനല്‍കേണ്ടി വരും.