Connect with us

News

ഇറാനോട് ചേർന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ; പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Published

on

വാഷിങ്ടൺ: ഭരണകൂടത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഇറാന്റെ സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇത് ഇറാൻ–യു.എസ് ബന്ധം കൂടുതൽ വഷളാക്കുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ച സാഹചര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.

ഇതിനിടെയാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് ഒരു സംഘം അമേരിക്കൻ യുദ്ധക്കപ്പലുകൾ സഞ്ചരിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ മുൻകരുതലിന്റെ ഭാഗമായാണ് അയച്ചതെന്നും സ്ഥിതി ഗുരുതരമായാൽ മാത്രമേ ഉപയോഗിക്കൂവെന്നും വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.

ഇതുവരെ നേരിട്ടുള്ള ആക്രമണം നടന്നിട്ടില്ലെങ്കിലും സൈനിക ഇടപെടലിന്റെ സാധ്യത പൂർണമായി തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധം ആരംഭിക്കുന്ന കാര്യത്തിൽ ട്രംപ് സൂക്ഷ്മത പുലർത്തുമെങ്കിലും, ഇത്രയും വലിയ സൈനിക സന്നാഹം വിന്യസിക്കുന്നത് ബലപ്രയോഗത്തിനുള്ള സൂചനയാണെന്ന ആശങ്കയും ആഗോള സുരക്ഷാ സംഘടനകൾ ഉയർത്തുന്നുണ്ട്.

യുദ്ധക്കപ്പലുകൾ ഉപയോഗിക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും ഈ നടപടി അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്നും ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകി.

ഇറാനിൽ ഇതുവരെ 4,716 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ 203 സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളുമായി ബന്ധമില്ലാത്ത 43 കുട്ടികളും 40 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

26,800ലധികം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ഇറാൻ പുറത്തുവിട്ട മരണസംഖ്യ യാഥാർഥ്യത്തേക്കാൾ വളരെ കുറവാണെന്നും സംഘടന ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ചിലർ തീവ്രവാദികളാണെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വിശദീകരണം.

News

രഞ്ജി ട്രോഫി: കേരളത്തെ 139ന് പുറത്താക്കി ചണ്ഡീഗഢ്; ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 139 റൺസിന് പുറത്തായതോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ്, ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന ശക്തമായ നിലയിലാണ്.

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ചണ്ഡീഗഢ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 139 റൺസിന് പുറത്തായതോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ്, ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന ശക്തമായ നിലയിലാണ്.

കേരളത്തിന് തുടക്കം മുതൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ജെ. നായർ (1) പുറത്തായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. തുടർന്ന് 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി. പിന്നാലെ സചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന സഖ്യം പ്രതീക്ഷ നൽകി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു.

എന്നാൽ ലഞ്ചിന് ശേഷം കേരളത്തിന്റെ തകർച്ച പെട്ടെന്നായിരുന്നു. നാലാം ഓവറിൽ തന്നെ സചിൻ ബേബി (41), വിഷ്ണു വിനോദ് (0) എന്നിവർ രോഹിത് ധന്ദയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവായി പുറത്തായി. അർധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളത്തിന്റെ ഇന്നിങ്സ് തകർന്നുവീണു.

ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ (1), ശ്രീഹരി എസ്. നായർ (0) എന്നിവർ തുടർച്ചയായി മടങ്ങി. ഒരു റണ്ണുമായി നിധീഷ് എം.ഡിയും അക്കൗണ്ട് തുറക്കാതെ ഏദൻ ആപ്പിൾ ടോമും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 139ൽ അവസാനിച്ചു. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡീഗഢിനായി നിഷുങ്ക് ബിർള നാല് വിക്കറ്റും രോഹിത് ധന്ദ മൂന്ന് വിക്കറ്റും ജഗജിത് സിങ് സന്ധു രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 11 റൺസെടുത്ത ഓപ്പണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരുത്തുറ്റ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ അർജുൻ ആസാദ് 78 റൺസുമായും മനൻ വോറ 51 റൺസുമായും പുറത്താകാതെ ക്രീസിലുണ്ട്.

Continue Reading

kerala

‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ്

Published

on

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച. ഈ സമയം ലഭിച്ചത് വിചിത്രമായ കണക്കായിരുന്നു. ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടി ഐ മധുസൂദനന്‍ പണം തട്ടിയെടുത്തു എന്നാണ് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആക്ഷേപം. വിഷയത്തില്‍ പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഓഫീസ് നിര്‍മാണ ഫണ്ടിലും 70 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പ് നടത്തി. ഈ വിഷയങ്ങളില്‍ തെളിവടക്കം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. എന്നാല്‍ നടപടി ഉണ്ടയില്ല. പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ഉണ്ടായത്. ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മീഷന്‍ കണ്ടെത്തിയ വീഴ്ചയെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ഇപി ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ തട്ടിപ്പിനെ കുറിച്ച് പുസ്തകം എഴുതും. പാര്‍ട്ടിയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭിച്ചില്ല. അതിനാലാണ് തുറന്ന് പറയുന്നത്. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടെ എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

Continue Reading

india

ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് അദാനി

Published

on

​ന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണമായും ഏ​റ്റെടുത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. വാർത്ത ഏജസിയുടെ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെയാണ് ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തമാകുന്നത്.

അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജ മീഡിയ നെറ്റ്‍വർക്കാണ് ഐ.എ.എൻ.സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്ത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്ര രൂപക്കാണ് ഇടപാട് നടത്തിയതെന്ന് അദാനി വ്യക്തമാക്കിയിട്ടില്ല.

2023 ഡിസംബറിൽ ഐ.എ.എൻ.എസിലെ 50.50 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തിരുന്നു. ഇതോടെ അദാനിയുടെ ഐ.എ.എൻ.എസിലെ ഓഹരി വിഹിതം 76 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെ വാർത്താ ഏജൻസിയിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായി.

Continue Reading

Trending