ലഖ്‌നൗ: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് പിന്നാലെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ത്വരിത മതം മാറ്റങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 43 മുസ് ലിംകളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയതായതാണ് കണക്ക്.

യുപിയിലെ ഫൈസാബാദില്‍ രണ്ട് ഘര്‍വാപസി ചടങ്ങുകള്‍ അടുത്തിടെ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏപ്രില്‍ 23ന് നടന്ന ഘര്‍വാപസിയില്‍ 19 മുസ് ലിംകളാണ് ഹിന്ദു മതം സ്വീകരിച്ചതെന്നറിയുന്നു. മെയ് 20 ഫൈസാബാദില്‍ വെച്ചു തന്നെ നടന്ന മറ്റൊരു ചടങ്ങില്‍ മതം മാറിയത് 24 ന്യൂനപക്ഷ സമുദായക്കാരാണ്.

രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനായ അംബേദ്കര്‍ നഗര്‍ജില്ലയിലെ സുരേന്ദ്രകുമാറാണ് മതം മാറ്റത്തിന് ആളുകളെ സജ്ജരാക്കുന്നത്. പട്ടിക ജാതി വിഭാഗമായ നാട് ആണ് കുമാറിന്റെ പ്രവര്‍ത്തന മേഖല.

ഭയം മുതലെടുത്താണ് പല മതംമാറ്റവും നടക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വമനസ്സാലെയാണ് ആളുകള്‍ മതം മാറുന്നതെന്നാണ് ആര്യസമാജ് മന്ദിറിലെ ഹിമാന്‍ഷു ത്രിപാഠിയുടെ വാദം. ഇതുവരെയും 100ലധികം പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായും ഇവര്‍ അവകാശപ്പെടുന്നു.