ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലിം തടവുകാരന്റെ മേല്‍ നിര്‍ബന്ധപൂര്‍വം ഓം എന്ന് ചാപ്പ കുത്തിയതിനെതിരെ നിശിത വിമര്‍ശനവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കന്നുകാലികളെ പോലെ ഞങ്ങളെ നിര്‍ബന്ധിച്ച്് ചാപ്പ കുത്തുന്നത് ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് ഉവൈസി പറഞ്ഞു.

ഓരോ ദിവസവും പുതിയ പുതിയ രീതിയില്‍ ഞങ്ങളെ അവഹേളിക്കുകയാണ്. കന്നുകാലികളെ പോലെ ഒരാളെ നിര്‍ബന്ധിപ്പിച്ച് ചാപ്പ കുത്തുന്നത് ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. ഞങ്ങള്‍ ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല, മനുഷ്യരാണ്-ഉവൈസി ട്വീറ്റ് ചെയ്തു. മുസ്ലിമായതിനാലാണ് നാബിറിന് ഈ തരം അവഹേളനമേല്‍ക്കേണ്ടി വന്നതെന്നും ഉവൈസി പറഞ്ഞു.

തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന നാബിറിന്റെ ദേഹത്താണ് അധികൃതര്‍ ചാപ്പ കുത്തി പീഡിപ്പിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നാബിറിന്റെ കുടുംബം കാര്‍ക്കര്‍ദുമ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. രണ്ടു ദിവസമായി നാബിര്‍ ജയിലില്‍ പട്ടിണിയാണെന്നും കഴിക്കാന്‍ ഒന്നും നല്‍കിയില്ലെന്നും കുടുംബം പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നാബിറിനെ ദേഹപരിശോധന നടത്തി പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.