തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിനുള്ളില്‍ ഒരേ കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 3.30 ന് വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ നിന്ന് പുകയുയരുന്നതും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തില്‍ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.