ന്യൂഡല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുശേഷം ഡല്‍ഹി ജുമാമസ്ജിദിനു നേരെയും വര്‍ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്‍ പറഞ്ഞു.

ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും ഇത് പിന്നീട് ജുമാ മസ്ജിദ് ആയി മാറിയെന്നും ബജ്രംഗ്ദള്‍ നേതാവ് കൂടിയായ വിനയ് കത്യാര്‍ പറയുന്നു. ഏകദേശം ആറായിരത്തോളം സ്ഥലങ്ങള്‍ മുഗള്‍ ഭരണക്കാര്‍ തകര്‍ത്തുകളഞ്ഞു. താജ്മഹലിനെപ്പോലെ മുഗള്‍ ഭരണ കാലത്ത് യമുന ദേവി ക്ഷേത്രത്തെ ജുമാ മസ്ജിദാക്കി മാറ്റിയതാണ്. മുഗള്‍ ഭരണത്തിന് മുമ്പ് ഇത് യമുന ദേവി ക്ഷേത്രമായിരുന്നുവെന്നും കത്യാര്‍ പറഞ്ഞു.

17-ാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഡല്‍ഹി ജുമാമസ്ജിദും ചെങ്കോട്ടയും താജ്മഹലും പണി കഴിപ്പിച്ചത്. നേരത്തെ താജ് മഹല്‍ മുമ്പ് തേജോ മഹാലയയുമാണെന്ന വാദവുമായി കത്യാര്‍ രംഗത്തുവന്നിരുന്നു. ഇതിനുശേഷം താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തലപൊക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയത് വന്‍വിവാദമായിരുന്നു. തുടര്‍ന്ന് താജ്മഹലിലേക്കുള്ള യോഗിയുടെ സന്ദര്‍ശനവും നടന്നു.