പുനെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. വിന്‍ഡീസ് ഉയര്‍ത്തിയ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്കായി 110 പന്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. 10 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. ഏകദിനത്തില്‍ കോഹ്‌ലിയുടെ 38-ാം സെഞ്ചുറിയാണിത്.

38 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 202 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കോഹ്‌ലിയും(101) ഭുവിയുമാണ്(2) ക്രീസില്‍. ഓപ്പണര്‍മാരായ രോഹിതിനെ(8) ഹോള്‍ഡറും 35ല്‍ നില്‍ക്കേ ധവാനെ നഴ്സും പുറത്താക്കി. അമ്പാട്ടി റായുഡുവിന് 22 റണ്‍സ് മാത്രമാണെടുക്കാനായത്. പന്തും ധോണിയുമാണ് പുറത്തായ മറ്റ് രണ്ടുപേര്‍. പന്ത് 18 പന്തില്‍ 24 റണ്‍സെടുത്തപ്പോള്‍ വീണ്ടും പരാജയപ്പെട്ട ധോണിക്ക് 11 പന്തില്‍ ഏഴ് റണ്‍സാണ് നേടാനായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഹോപിന്റെ പ്രതിരോധത്തിലും വാലറ്റത്തെ വെടിക്കെട്ടിലും 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 283 റണ്‍സെടുത്തു. 113 പന്തില്‍ 95ല്‍ പുറത്തായ ഹോപാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റുമായി മടങ്ങിവരവ് ആഘോഷമാക്കിയ ബൂംറ ഇന്ത്യക്കായി തിളങ്ങി. കുല്‍ദീപ് രണ്ടും ഖലീലും ഭുവിയും ചാഹലും ഓരോ വിക്കറ്റും വീഴ്ത്തി.