ന്യൂഡല്‍ഹി: മലയാളികള്‍ മാംസം കഴിക്കുന്നത് നിര്‍ത്തി മീന്‍ കഴിക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസഡണ്ട് അലോക് കുമാര്‍. വന്‍തോതില്‍ മത്സബന്ധനം നടക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റുള്ളവരുടെ വികാരം മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ വി.എച്ച്.പി ഭരണസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അലോക് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പശുവിനെ വിശുദ്ധ മൃഗമായാണ് ഹിന്ദുക്കള്‍ കാണുന്നത്. ചില സംസ്ഥാനങ്ങള്‍ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മൃഗങ്ങളെ അറുക്കുന്നതിന് ഒരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ ആറിന് സുപ്രീംകോടതിയിലെത്തുന്ന അയോധ്യ കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ കോടതി തയ്യാറായാല്‍ വര്‍ഷാവസാനത്തോടെ വിധി പറയാന്‍ സാധിക്കും. അടുത്ത വര്‍ഷം തന്നെ ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവും. പ്രവീണ്‍ തൊഗാഡിയയുടെ ‘അന്തര്‍ രാഷ്ട്രീയ ഹിന്ദു’ വി.എച്ച്.പിക്ക് വെല്ലുവിളിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.