മലപ്പുറം:പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന എ.കെ ആന്റണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പാണക്കാട് ചര്‍ച്ചക്ക് എത്തിയതായിരുന്നു സുധീരന്‍.

ആന്റണി പൊതുവായ കാര്യമാണ് പറഞ്ഞത്. ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒരു വീട്ടിലെ സഹോദരങ്ങള്‍ തമ്മിലുണ്ടാകുന്ന അതൃപ്തി മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളത്. എല്ലാ നേതാക്കളുടെയും അതൃപ്തി പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ മുസ്്‌ലിംലീഗിന് അസ്വാരസ്യമുണ്ടെന്ന അഭിപ്രായം തെറ്റാണ്. ആറിന് നടക്കുന്ന കണ്‍വന്‍ഷനില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഊര്‍ജസ്വലമായി യു.ഡി.എഫ് മുന്നോട്ട് പോകും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് അന്തരിച്ച കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ വസതിയും അദ്ദേഹം സന്ദര്‍ശിച്ചു.