ഭോപ്പാല്‍: ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കോളത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്ന ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീനുകള്‍ അവസാനമായി ഉപയോഗിച്ചത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോളിങ് ബൂത്തിലാണ് വിവാദ വോട്ടിങ് മെഷീനുകള്‍ അവസാനമായി ഉപയോഗിച്ചതെന്ന് പ്രത്യക അന്വേഷണസംഘം പറഞ്ഞു. വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച സംഘമാണ് വോട്ടിങ് മെഷീനുകള്‍ പരിശോധിച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചംഗ സംഘം ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ബിന്ദിലെത്തി വിവിപാറ്റ് മെഷീനുകള്‍ പരിശോധിച്ച് വോട്ടിങ് മെഷീനുകളുടെ കേട് സ്ഥിരീകരിച്ചു. നേരത്തെ, ക്രമക്കേടുകളുടെ പേരില്‍ ബിന്ദ് കളക്ടര്‍ ഇളയരാജയെയും സ്ഥലം എസ്.പി അനില്‍ സിങ് കുഷ്‌വാഹയെയും എസ്.ഡി.പി.ഒ ഇന്ദ്രവീര്‍ സിങിനെയും സസ്‌പെന്റ് ചെയ്തിരുന്നു. കൂടാതെ 19 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
ഇക്കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ ഉപയോഗിച്ചവയാണ് കേടായ മെഷീനുകളിലെ 300 എണ്ണമെന്ന് ഐ.ടി ആന്റ് ഇന്‍ഫ്രാസ്്ട്രക്ച്ചര്‍ ഡയറക്ടര്‍ മുകേഷ് മീന, അഡീഷണല്‍ സെക്രട്ടറി മധുസൂദന്‍, എസ്. കെ സിങ് എന്നിവരടങ്ങുന്ന ഡല്‍ഹി സംഘം വ്യക്തമാക്കി.