സിഡ്‌നി: ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പരിക്ക്. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ വാര്‍ണര്‍ മൂന്നാം ഏകദിനത്തിലും പിന്നാലെ നടക്കുന്ന ട്വന്റി 20 പരമ്പരയിലും കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് വാര്‍ണറുടെ പരിക്ക് ഭേദമാകുമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.

കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനമാണ് വാര്‍ണര്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ 69 റണ്‍സെടുത്ത താരം രണ്ടാം ഏകദിനത്തില്‍ 83 റണ്‍സെടുത്ത് ഓസീസിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു.

വാര്‍ണര്‍ക്ക് പകരക്കാരനായി ട്വന്റി 20 ടീമില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് പരമ്പരയെ മുന്‍ നിര്‍ത്തി പേസര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. ഇതോടെ അവസാന ഏകദിനത്തിലും ട്വന്റി 20 പരമ്പരയിലും കമ്മിന്‍സ് കളിക്കില്ല.