മേപ്പാടി: അപകട സാധ്യത കണക്കിലെടുത്ത് മേപ്പാടി മുണ്ടക്കൈ സീതമ്മ കുണ്ടിലേക്കുള്ള സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹദ് അറിയിച്ചു. അടുത്ത കാലങ്ങളിലായി സീതമ്മക്കുണ്ടില്‍ അപകടം കൂടി വരികയും ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ പൊതു ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന സാഹസിക വിനോദസഞ്ചാരത്തിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നത് വരെയാണ് പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുന്നതതെന്ന് അദ്ധേഹം പറഞ്ഞു. അധികൃതര്‍ സുരക്ഷാ സംവിധാനമൊരുക്കാത്തതിനാല്‍ സീതമ്മകുണ്ട് അപകട മേഖലയാവുന്നത് സംബന്ധിച്ച് ഇന്നലെ ചന്ദ്രിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത കാലത്തായി ഇവിടെ അപകടങ്ങളുടെ തുടര്‍ക്കഥയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 16ന് മേപ്പാടി സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം ബത്തേരി വാകേരി സ്വദേശി നിധിന്‍ (23) മുങ്ങി മരണപ്പെടുകയുണ്ടായി. അവസാനമായി സംഭവിച്ച അപകടങ്ങളാണിവ. ഇതിന് മുമ്പും ഇവിടെ അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഈ അടുത്ത കാലത്താണ് സീതമ്മ കുണ്ട് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായത്. സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന യുവാക്കളാണ് കൂടുതലും ഇവിടെ എത്തുന്നത്. അത് കൊണ്ട് തന്നെ അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. ഇവിടെ വിനോദ സഞ്ചാരികളെ നിയന്ത്രിക്കാനോ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.