കല്‍പ്പറ്റ: കനത്ത ദുരിതം വിതച്ച പ്രളയം പിന്നിട്ട് ഒരു മാസമാവുന്നതിനിടെ വയനാട്ടില്‍ പകലുകള്‍ ചുട്ടുപൊള്ളുന്നു. അടുത്ത കാലത്തൊന്നും വയനാട്ടില്‍ ഉണ്ടാവാത്തത്ര ചൂടാണ് പ്രളയാനന്തരം വയനാട്ടില്‍. 29.6 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയിലെ കഴിഞ്ഞ ദിവസത്തെ ചൂട്. 2015ന് ശേഷം ആദ്യമായാണ് സെപ്തംബറില്‍ താപനില ഇത്രയും ഉയരുന്നത്.

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക് പ്രകാരം സെപ്തംബറിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായത്. 16.2നും 28.6നും ഇടയില്‍ ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് സെപ്തംബറില്‍ ജില്ലയില്‍ അനുഭവപ്പെടുന്നത്. പ്രളയത്തിന് മുന്നേ മാര്‍ച്ചിലുണ്ടായ 30.8 ആണ് ഈ വര്‍ഷം ജില്ലയിലുണ്ടായ ഏറ്റവും കൂടിയ താപനില. 2015 മുതലാണ് സെപ്തംബറില്‍ വയനാട്ടില്‍ ചൂട് കനക്കാന്‍ തുടങ്ങിയത്. ആവര്‍ഷം 21.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയര്‍ന്ന ചൂട്. 2016ല്‍ 26.2, 2017ല്‍ 26.3 എന്ന തോതിലായിരുന്നു താപനില.

2016ല്‍ ചൂട് താരതമ്യേന കുറവായിരുന്നിട്ട് കൂടി വന്‍വരള്‍ച്ചയും ജലക്ഷാമവുമാണ് ജില്ലക്ക് നേരിടേണ്ടിവന്നത്. ജില്ലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്ത ഇക്കൊല്ലം, മഴ പെയ്‌തൊഴിഞ്ഞയുടനെ ചൂട് കനത്തത് വരള്‍ച്ചയുടെ തോത് കുത്തനെ കൂട്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തതൊഴിച്ചാല്‍ ഈ വര്‍ഷം സെപ്തംബറില്‍ മഴ മാറിനില്‍ക്കുകയാണ്. ഒരു മാസം മുമ്പ് രണ്ടാള്‍പൊക്കത്തില്‍ വെള്ളം നിന്ന പാടങ്ങളടക്കം വെള്ളം വാര്‍ന്ന് വിണ്ടുകീറുകയാണ്.

കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക വിളകളെ കാര്യമായി ബാധിക്കുമെന്നും ഇത് ജില്ലയുടെ സാമ്പത്തിക സ്ഥിതിയെത്തന്നെ തകിടം മറിക്കുമെന്ന ആശങ്ക ശക്തമാവുകയായിക്കഴിഞ്ഞു. പുഴകളിലും കാട്ടരുവികളിലും ജലസംഭരണികളിലും വെള്ളം വന്‍തോതില്‍ കുറഞ്ഞത് കുടിവെള്ളപ്രതിസന്ധിയും രൂക്ഷമാക്കും.

അതിനിടെ കനത്ത ചൂടില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വയനാട്ടില്‍ ഒമ്പത് പേര്‍ക്ക് സൂര്യതാപമേറ്റു. തോട്ടം തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കുമാണ് സൂര്യതാപമേറ്റത്. ഇന്നലെ ജോലി ചെയ്യുന്നതിനിടെ തോട്ടം തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക്് സൂര്യാതപമേറ്റു. പൊഴുതന എച്ച്.എം.എല്‍ എസ്റ്റേറ്റില്‍പെട്ട പെരുങ്കോട ഡിവിഷനിലെ നാലു തൊഴിലാളികള്‍ക്കും തേറ്റമല പാരിസണ്‍സ് എസ്റ്റേറ്റിലെ രണ്ടു തൊഴിലാളികള്‍ക്കുമാണ് പൊള്ളലേറ്റത്.

തേറ്റമല പാരിസണ്‍സ് എസ്റ്റേറ്റിലെ ഹബീബ, സുഗതകുമാരി എന്നിവര്‍ക്കും പെരുങ്കോട ഡിവിഷനിലെ സുഭാഷിണി, സൗദ, മൈമൂന, ഉമ എന്നിവര്‍ക്കുമാണ് പൊള്ളലേറ്റത്. ഇവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. തേറ്റമലയില്‍ ഒരു തൊഴിലാളിക്ക് ഇന്നലെയും വെണ്ണിയോട് താഴെ മൈലാടിയിലെ കമ്പനാട് ഇസ്മയില്‍(35), പനമരം നടവയല്‍ സ്വദേശി ബിജു(39) എന്നിവര്‍ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ചയും സൂര്യതാപമേറ്റിരുന്നു.