വയനാട്: വയനാട് ജില്ലയില്‍ വീണ്ടും കടുവ ഭീഷണി. കൊളവള്ളിയിലാണ് ജനങ്ങള്‍ക്ക് ഭീഷണിയായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങിയത്. കന്നുകാലികള്‍ക്ക് പുല്ലരിയാനും പശുക്കളെ പുറത്ത് കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനുമെല്ലാം ജനങ്ങള്‍ ഭയക്കുകയാണ്.

നാല് വളര്‍ത്തുനായകളെയാണ് ഇന്നലെ കടുവ കൊന്നത്. വീട്ടുകാര്‍ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോയപ്പോള്‍ നായ ഒപ്പമുണ്ടായിരുന്നു. അതിന് ശേഷമാണ് കടുവ പിടിച്ചത്.
വീട്ടില്‍ നിന്ന് 50മീറ്റര്‍ അകലെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയില്‍ ചോരയൊലിക്കുന്ന നിലയിലാണ് നായയുടെ ജഡം കണ്ടെത്താനായത്. ആളുകള്‍ കൂട്ടം ചേര്‍ന്നാണ് രാവിലെ പാല്‍ അളക്കാന്‍ പോകുന്നത്. സന്ധ്യയോടെ ഗ്രാമങ്ങളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്.

കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുകയാണ് വനംവകുപ്പ് അധികൃതര്‍.
അതേസമയം പ്രദേശത്ത് നാട്ടുകാരുടേയും വനംവകുപ്പിന്റേയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല.