കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍വാഹക സമിതിയിലെ അംഗങ്ങളുമായി മോഹന്‍ലാല്‍ പ്രത്യേകം ചര്‍ച്ച നടത്തിയേക്കും. നിര്‍വാഹക സമിതി യോഗത്തിനു മുന്നോടിയായിട്ടായിരിക്കും ഇത്. ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നേരത്തെ, അമ്മക്കെതിരെ പരസ്യപ്രതികരണം നടത്തിയിരുന്നു.

വിവാദങ്ങളില്‍ അമ്മ’യിലെ അംഗങ്ങള്‍ രണ്ടു തട്ടിലാണ്. ഇത് പരിഹരിക്കുകയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. ഡബ്ല്യു.സി.സി അംഗങ്ങള്‍ക്കെതിരെ അമ്മ അംഗങ്ങളായ നടന്‍ സിദ്ദീഖും നടി കെ.പി.എ.സി ലളിതയും പ്രത്യേക വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു. സിദ്ദീഖിന്റെ പരാമര്‍ശങ്ങള്‍ക്കു വിരുദ്ധമായി ‘അമ്മ’ വക്താവ് ജഗദീഷിന്റെ പ്രസ്താവനയും ചര്‍ച്ചയായതോടെയാണ് സംഘടനയില്‍ ഭിന്നതയുണ്ടെന്നു വ്യക്തമായത്.