X

ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുന്നു: ഡി കെ ശിവകുമാര്‍

തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ശിവകുമാറിന്റെ പ്രതികരണം. ഇന്നലെ രാത്രി നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പായി വിശേഷിപ്പിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരു പോലെ നിര്‍ണായകമാണ്. കര്‍ണാടകയില്‍ ഭരണത്തിലേറി ദേശീയ രാഷ്ട്രീയത്തില്‍ പുതു ചരിതം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനം കൈവിട്ടു പോകാതിരിക്കാന്‍ ആവനാഴിയിലെ സകല അസ്ത്രങ്ങളും ബി.ജെ.പിയും പ്രയോഗിക്കുന്നുണ്ട്. കര്‍ണാടക കൈവിട്ടാല്‍ ബി.ജെ.പിക്ക് പിന്നെ ദക്ഷിണേന്ത്യയില്‍ അഡ്രസുണ്ടാവില്ലെന്നത് അവരെ കുഴക്കുന്നുണ്ട്. ഉയര്‍ന്ന വോട്ടിങ് ശതമാനം ആരെ തുണക്കുമെന്നതാണ് പാര്‍ട്ടികളുടെ ചങ്കിടിപ്പേറ്റുന്നത്.

സംസ്ഥാനത്ത് 1952ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണത്തേത്. പോസ്റ്റല്‍ വോട്ടുകളും വോട്ട് ഫ്രം ഹോമും ചേര്‍ന്നുള്ള പോളിംഗ് ശതമാനം പുറത്തുവന്നപ്പോള്‍ ഇത്തവണത്തെ മൊത്തം പോളിംഗ് ശതമാനം 73.19% ആണ്. സംസ്ഥാനത്തെ അഴിമതി ഭരണത്തിനെതിരെ ജനം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് പോളിങ് ശതമാനം ഉയരാന്‍ കാരണമെന്ന് കോണ്‍ഗ്രസും മോദിയുടേയും കേന്ദ്ര നേതാക്കളുടേയും കാടടക്കിയുള്ള പ്രചാരണം വോട്ടര്‍മാരെ ആകര്‍ഷിച്ചതാണ് പോളിങ് ഉയരാന്‍ കാരണമെന്ന് ബി.ജെ.പിയും അവകാശപ്പെടുന്നുണ്ടെങ്കിലും വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ട്. പത്ത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും കര്‍ണാടകയില്‍ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്സിറ്റ് പോള്‍ സര്‍വേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ബെംഗളുരു നഗരമേഖല, മൈസുരു, മംഗളൂരു, ഹുബ്ബള്ളി തുടങ്ങി നഗരമേഖലകളിലെ ഫലം പെട്ടെന്ന് പുറത്ത് വരും. പക്ഷേ, ബീദാര്‍ അടക്കമുള്ള ജില്ലകളിലെ ഫലം വരാന്‍ താമസിക്കും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെ അറിയാനാവും. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കന്നഡികരെ ആര് നയിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. കോണ്‍ഗ്രസ് ക്യാമ്പില്‍ ദേശീയ നേതാക്കളടക്കം ബെംഗളുരുവിലെത്തി ക്യാമ്പ് ചെയ്യുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും ബെംഗളുരുവില്‍ തുടരുന്നുണ്ട്. ഇന്നലെ രാത്രി 224 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ ചേര്‍ത്ത് സൂം മീറ്റിംഗ് വിളിച്ചിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടാകുമെന്ന സൂചന കിട്ടിയാലുടന്‍ ബെംഗളുരുവിലെത്താന്‍ വിജയിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയിച്ചാല്‍ ഒട്ടും വൈകാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കത്ത് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബിജെപി നേതൃത്വത്തിന് കോണ്‍ഗ്രസിനോളം ആത്മവിശ്വാസമില്ലെങ്കിലും തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയാണുള്ളത്. തൂക്കു സഭയ്ക്കുള്ള സാഹചര്യം വന്നാല്‍ കിംഗായോ കിങ്മേക്കറായോ മാറാമെന്ന പ്രതീക്ഷയിലാണ് ജെ.ഡി.എസും. എന്നാല്‍ കോണ്‍ഗ്രസ് തനിച്ച് 150 സീറ്റ് പിടിക്കുമെന്ന ആത്മവിശ്വാസമാണ് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധാരമയ്യയും പ്രകടിപ്പിക്കുന്നത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തലസ്ഥാനമായ ബെംഗളൂരുവില്‍ ഇന്ന് രാവിലെ ആറു മുതല്‍ രാത്രി 12 മണിവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

webdesk11: