മുബൈ: ഹിന്ദു-മുസ്‌ലിം മതമൈത്രി കാണിക്കുന്ന പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് ജ്വല്ലറിക്കെതിരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന സംഘടിതാക്രമണത്തിന് പിന്നാലെ പരസ്യ ചിത്രത്തിന്റെ സംവിധായികക്കെതിരേയും സംഘ് അനുകൂലികളുടെ ആക്രമണം. കമ്പനി പരസ്യം പില്‍വലിച്ചിട്ടും വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം തുടരുകയാണ്.

ഇതിനിടെയാണ് പരസ്യത്തിന്റെ സംവിധായികയായ ജോയീത പട്പാട്യയ്ക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സംഘടിക നീക്കവും നടന്നത്.
തനിഷ്‌കിന്റെ പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജോയീതയുടെയും സഹപ്രവര്‍ത്തകരുടേയും മതം പറഞ്ഞുകൊണ്ടുള്ള വര്‍ഗീയ ക്യാമ്പയിനടക്കം രൂക്ഷമായ രീതിയിലാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ വാദികള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത്. അക്രമണ പ്രചരണിത്തിനായി മുന്നിലുള്ളവരില്‍ ഭൂരിഭാഗവും ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ബിജെപി നേതാക്കളെ പിന്തുടരുന്നവരുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജോയീത സ്വീകരിച്ച നിലപാടുകളുള്‍പ്പെടെ ഇവര്‍ ആക്രമണത്തിന് വിഷയമാക്കുന്നുണ്ട്. ജോയീത പൗരത്വ ഭേദഗതിക്കെതിരാണെന്നും ഷര്‍ജില്‍ ഇമാം ഉള്‍പ്പെടെയുള്ള ‘തുക്കഡേ തുക്കഡേ ഗ്യാങി’ നെ പിന്തുണയ്ക്കുന്ന ആളാണെന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ക്കെതിരെയുള്ള പ്രചരണം.

ജോയീത അഹിന്ദുവാണെന്നും പരസ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രാന്റ് മാനേജര്‍ തൊട്ട് അസിസ്റ്റന്റ് ഡയരക്ടര്‍വരെയുള്ള ആളുകള്‍ ഹിന്ദുമതത്തിന് പുറത്തുള്ളവരുമാണെന്നും പ്രചരിപ്പിച്ചാണ് ഹിന്ദുത്വവാദികളുടെ വര്‍ഗീയ ആക്രമണം. തനിഷ്‌ക് പരസ്യത്തിനെതിരെ വിദ്വേഷ ക്യാമ്പയിന്‍ ആരംഭിച്ചതിന് പിന്നാലെ നിരവധിപേര്‍ ജോയീതയുടെ മതം ഗൂഗിളില്‍ തെരഞ്ഞിരുന്നു. നേരത്തെ, തനിഷ്‌കിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത് പിന്നാലെ തനിഷ്‌കിന്റെ സ്റ്റോര്‍ ആക്രമിക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

അതേസമയം, പരസ്യ ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.

തനിക്കെതിരെ നടക്കുന്ന ആക്രണത്തില്‍ നിലപാട് വ്യക്തമാക്കി സംവിധായക ജോയീതയും രംഗത്തെത്തി. ”സോഷ്യല്‍ മീഡിയയില്‍ എന്റെ നേരെ വളരെ മോശമായ ധാരാളം പ്രചരണങ്ങള്‍ വരുന്നുണ്ട്, പക്ഷേ അതൊന്നും ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനേക്കാളേറെ മനോഹരം ഞങ്ങളുടെ ക്യാംപെയ്നെ പിന്തുണച്ചുവരുന്ന കലാസൃഷ്ടികളും വാക്കുകളും സ്നേഹവുമൊക്കെ പങ്കുവെയ്ക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു,” ജോയീത പറഞ്ഞു.

We Were and Will Always Be Secular, Says Tanishq Ad Maker Joyeeta 

നിരന്തരമായ വേട്ടയാടലിനും ആക്രമണങ്ങള്‍ക്കും ഒടുവില്‍ തനിഷ്‌കിന് തങ്ങളുടെ പരസ്യം പിന്‍വലിക്കേണ്ടി ഗതി വന്നിരുന്നു. തനിഷ്‌ക് പരസ്യം പിന്‍വലിച്ചെങ്കിലും താന്‍ ചെയ്ത പരസ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഈ സംവിധായിക.

സ്വാതന്ത്ര്യം നേടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും നമ്മള്‍ ഒരുപാട് മുന്നോട്ടുപോയെന്നുമാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. ഈ പരസ്യത്തെ ചുറ്റിപ്പറ്റി ചെറിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാവുമെന്നൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുറത്തുവരുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും തോത് ഇത്രക്ക് ഉണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും, ദി ക്യുന്റിന് നല്‍കിയ അഭിമുഖകത്തില്‍ സംവിധായക കൂട്ടിച്ചേര്‍ത്തു.