ലണ്ടന്‍: മാനേജര്‍ ആര്‍സീന്‍ വെങറുമായുള്ള കരാര്‍ ആര്‍സനല്‍ രണ്ടു വര്‍ഷത്തേക്കു കൂടി പുതുക്കി. കഴിഞ്ഞ സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആര്‍സനലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് മാനേജറെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍, ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് സ്വന്തമാക്കിയത് 67-കാരന് ഗുണകരമായി. മുന്‍ കരാറില്‍ നിന്ന് അഞ്ച് ലക്ഷം പൗണ്ട് (4.14 കോടി രൂപ) വര്‍ധിപ്പിച്ച് 8 ദശലക്ഷം പൗണ്ട് (66 കോടി രൂപ) ആണ് 67-കാരന്റെ പുതിയ വാര്‍ഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ ചെലവഴിക്കാന്‍ 100 ദശലക്ഷം പൗണ്ടും വെങര്‍ക്ക് ക്ലബ്ബ് അനുവദിച്ചിട്ടുണ്ട്.
ക്ലബ്ബ് ഉമട സ്റ്റാന്‍ ക്രൊയെന്‍കെയുമാ യി വെങര്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. 1996 മുതല്‍ കളിക്കാരുടെയും ആരാധകരുടെയും പ്രിയപ്പെട്ട കോച്ചായിരുന്ന വെങര്‍ക്കെതിരെ കഴിഞ്ഞ സീസണിനിടെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ആരാധകരില്‍ ഒരുവിഭാഗം, ലണ്ടനില്‍ വെങര്‍ക്കെതിരെ പ്രതിഷേധറാലി സംഘടിപ്പിക്കുക വരെ ചെയ്തു.
വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും താന്‍ ആര്‍സനലില്‍ തുടരുമെന്ന നിലപാടായിരുന്നു വെങറുടേത്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ച് ആര്‍സനല്‍ എഫ്.എ കപ്പ് നേടിയപ്പോള്‍ വിജയശ്രീലാളിതനായി വെങര്‍ പടിയിറങ്ങുമെന്ന് ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങളെല്ലാം വിധിയെഴുതി. എന്നാല്‍, അടുത്ത സീസണിന് ഒരുങ്ങുകയാണ് താനെന്നായിരുന്നു ഫ്രഞ്ചുകാരന്റെ പ്രഖ്യാപനം.
പുതിയ കാലഘട്ടത്തിനനുസരിച്ച് ടീമിനെ മാറ്റിയെടുക്കാനാണ് മാനേജ്‌മെന്റ് 100 ദശലക്ഷം പൗണ്ട് ട്രാന്‍സ്ഫറിനായി മാത്രം അനുവദിച്ചിരിക്കുന്നത്. പക്ഷേ, ഈ തുക കണ്ടെത്തണമെങ്കില്‍ ചില പ്രമുഖ കളിക്കാരെയെങ്കിലും വെങര്‍ക്ക് വില്‍ക്കേണ്ടി വരും. സ്‌ട്രൈക്കര്‍ അലക്‌സിസ് സാഞ്ചസ് ജൂലൈയില്‍ ആര്‍സനല്‍ വിടുമെന്ന അഭ്യൂഹം ശക്തമാണ്.
ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ കഴിയാതിരുന്നതോടെ മുന്‍നിര കളിക്കാരെ ആകര്‍ഷിക്കാനും ഗണ്ണേഴ്‌സ് ബുദ്ധിമുട്ടും. അടുത്ത സീസണില്‍ ആദ്യനാലില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുക എന്നതാവും വെങറുടെ പ്രധാന ലക്ഷ്യം. അതിനു കഴിഞ്ഞില്ലെങ്കില്‍ കരാര്‍ റദ്ദാക്കി മാനേജ്‌മെന്റ് പുറത്തേക്കുള്ള വഴി കാണിച്ചേക്കും.
1996-ല്‍ ജപ്പാനിലെ നഗോയ ഗ്രാംപുസ് എയ്റ്റില്‍ നിന്നെത്തി ആര്‍സനലില്‍ ചുമതലയേല്‍ക്കുമ്പോള്‍ ആര്‍സീന്‍ വെങര്‍ ആരാധകര്‍ക്കും കളിക്കാര്‍ക്കും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കും അപരിചിതനായിരുന്നു.
21 വര്‍ഷങ്ങള്‍ക്കിടെ ആര്‍സനലിന് 16 ട്രോഫികളും പുതിയ സ്റ്റേഡിയവും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനകം 700 ദശലക്ഷം പൗണ്ട് അദ്ദേഹം കളിക്കാര്‍ക്കു വേണ്ടി ചെലവഴിച്ചു. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കാലം പരിശീലിപ്പിച്ച, ഏറ്റവും കൂടുതല്‍ ജയം നേടിയ വിദേശ കോച്ച് എന്ന റെക്കോര്‍ഡും വെങറുടെ പേരിലാണ്. 1996 മുതല്‍ പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത ചരിത്രമുണ്ട് വെങര്‍ക്ക്.