2016 ന്റെ തുടക്കത്തില്‍ റയല്‍ മാഡ്രിഡിന്റെ ബി ടീം പരിശീലകനായി സൈനുദ്ദീന്‍ സിദാനെ നിയോഗിച്ചപ്പോള്‍ സ്പാനിഷ് പത്രമായ മാര്‍ക്ക എഴുതി- സിദാന്‍ പുതിയ റോളില്‍. ഇതിഹാസ തുല്യനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ റയലിന്റെ പരിശീലക ഭരണ സംഘത്തില്‍ അംഗമായതിന് ശേഷം ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ വരെയുളള പദവിയിലെത്തിയതിന് ശേഷമായിരുന്നു ബി ടീമിന്റെ അമരക്കാരനായി ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് സിദാനെ നിയോഗിച്ചത്. പക്ഷേ ബി ടീമിന്് കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിസുവിന് കഴിയാതെ വന്നതോടെ അതേ മാര്‍ക്ക പത്രം എഴുതി-സിദാന്‍ പരിശീലകന്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ പരാജയമാണെന്ന്……
അതേ സിദാന്‍, അല്‍പ്പ മാസങ്ങള്‍ക്ക് ശേഷം റാഫേല്‍ ബെനിറ്റസ് റയല്‍ വിട്ടതിന് ശേഷം അതി നാടകീയമായി സീനിയര്‍ ടീമിന്റെ അമരത്തേക്ക് വരുന്നു. അത് വരെ പരിശീലകന്‍ എന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ലാത്ത, വലിയ ടീമിനെ തനിച്ച് നിയന്ത്രിച്ചിട്ടില്ലാത്ത ഒരാള്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീമം ബെന്‍സേമ, മാര്‍സിലോ, സെര്‍ജിയോ റാമോസ്, കാസിമിറോ തുടങ്ങിയ ലോക ഫുട്‌ബോളിലെ വിലയുളള താരങ്ങളെ നിയന്ത്രിക്കാന്‍ വരുമ്പോള്‍ ഒരാള്‍ക്ക് മാത്രമായിരുന്നു കാര്യമായ ആശങ്കയില്ലാതിരുന്നത്-റയല്‍ മാഡ്രിഡ് ക്ലബ് പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസിന്. ഇന്ന് സിദാന്‍ ഇത് വരെ ഒരു പരിശീലകനും കഴിയാത്ത റെക്കോര്‍ഡിന് അരികിലെത്തി നില്‍ക്കുമ്പോള്‍ ഒരു വര്‍ഷം കൊണ്ടുള്ള ആ മാറ്റത്തെ ഫുട്‌ബോള്‍ പണ്ഡിതര്‍ കൂലംകഷമായി ചര്‍ച്ച ചെയ്യുകയാണ്-എന്താണ് ആ മാറ്റം…? എവിടെയാണ് സിദാന്‍ മാറിയത്….രണ്ട് ദിവസം കഴിഞ്ഞ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ സിദാന്റെ റയല്‍ മാസിമിലാനോ അല്‍ഗേരിയുടെ യുവന്തസിനെ എതിരിടുകയാണ്. കപ്പ് സ്വന്തമാക്കാനായാല്‍ അത് സിസുവിന്റെ കരിയറിലെ സുവര്‍ണ നേട്ടമാവും. കാരണം ഇത് വരെ ഒരു പരിശീലകനും ചാമ്പ്യന്‍സ് ട്രോഫി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ടീമിന്റെ ചുമതലയേറ്റെടുത്ത ഉടന്‍ തന്നെ ലാലീഗ കിരീടം ഒരു പോയന്റിന് ബാര്‍സിലോണക്ക് അടിയറവെക്കേണ്ടി വന്നിട്ടും ചാമ്പ്യന്‍സ് ലീഗില്‍ സിസുവിന്റെ തന്ത്രമാണ് വിജയിച്ചത്. അയല്‍ക്കാരായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ വിജയം. രണ്ട് ദിവസമാണ് ഇനി കാര്‍ഡിഫ് പോരാട്ടത്തിനുള്ളത്. അവിടെ ചാമ്പ്യന്മാരായാല്‍ യൂറോപ്യന്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തുന്ന ആദ്യ പരിശീലകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കാം.
ഫ്രാന്‍സിന്റെയും യുവന്തസിന്റെയും പിന്നെ റയലിന്റെയുമെല്ലാം താരമായി മൈതാനം വാഴുന്ന കാലത്ത് സംസാര പ്രിയനായിരുന്നില്ല അദ്ദേഹം. കളി നിയന്ത്രിക്കുന്ന ശരിയായ പ്ലേ മേക്കറായി എല്ലാവരെയും കളിപ്പിക്കുന്ന താരം. എല്ലാവര്‍ക്കും അവസരം നല്‍കി എല്ലാവര്‍ക്കുമിടയിലെ പാലമായി വര്‍ത്തിക്കുന്ന ടീം മാന്‍. ക്ഷുഭിതനാവാറില്ല അദ്ദേഹം- ഒരേ ഒരു തവണ മാത്രമാണ് സിസു പൊട്ടിത്തെറിക്കുന്നത് കണ്ടത്. അതാവട്ടെ അദ്ദേഹത്തിന്റെ നിറമുള്ള കരിയറന്റെ അവസാനാവസരത്തിലെ കറുത്ത പേജുമായി. 2006 ലെ ലോകകപ്പ് ഫൈനലിന്റെ സമാപനസമയത്ത് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി സിദാനെ പ്രകോപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മാതാവിനെയും സഹോദരിയെയും അഭിസാരികമാര്‍ എന്ന് വിളിച്ചപ്പോഴുണ്ടായ ആ പ്രകോപനം- തലക്കിടി… മൈതാനത്തെ വെച്ചിരുന്ന ലോകകപ്പിന് മുന്നിലൂടെ തലയും താഴ്ത്തി മടങ്ങിയ ആ രൂപം ആരും മറക്കില്ല.
പരിശീലകനായ സിദാന്‍ ചെയ്യുന്നത് കളിക്കളത്തിലുണ്ടായിരുന്ന സിദാന്‍ ചെയ്ത അതേ ജോലിയാണ്. എല്ലാവര്‍ക്കുമിടയില്‍ ഒരാള്‍. സൂപ്പര്‍ കോച്ച് എന്ന അഹന്തയില്ല, സൂപ്പര്‍ താരങ്ങളെ മാത്രം പരിഗണിക്കുന്ന കോച്ചാവുന്നില്ല, തന്നിഷ്ടമാണ് മൈതാന സുത്രവാക്യം എന്ന് പ്രഖ്യാപിക്കുന്നില്ല. ഒരു മധ്യനിരക്കാരന്‍ കളി നിയന്ത്രിക്കുന്നത് പോലെ, എല്ലാവര്‍ക്കും പന്ത് പാസ് ചെയ്യുന്നത് പോലെ, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെയും താല്‍പ്പര്യങ്ങളെ പരിഗണിച്ച് കുടുംബനാഥനാവുന്നു.ഇവിടെയാണ് റൊട്ടേഷന്‍ പോളിസി വിജയിക്കുന്നത്, ടീം ഫോര്‍മേഷന്‍ വിജയിക്കുന്നത്, ടീമിന്റെ കെമിസ്ട്രി വിജയിക്കുന്നത്.
മാധ്യമങ്ങളെ പുഞ്ചിരിയോടെ നേരിടുന്നതില്‍ സിദാന്‍ വിജയാണ്. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുന്നവരാണ് അദ്ദേഹത്തിന്റെ മുന്‍ഗാമികളായ റയല്‍ പരിശീലകരെങ്കില്‍ സിദാന്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നു. എല്ലാവരുമായും നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്നു. ഇംഗ്ലീഷ് അധികം വഴങ്ങാറില്ലെങ്കിലും ഫ്രഞ്ചുകാരനായ സിദാന്‍ സ്പാനിഷില്‍ മനോഹരമായി സംസാരിക്കുമ്പോള്‍ അത് സ്പാനിഷ് പത്രങ്ങള്‍ക്ക് ധാരാളം. തന്റെ മക്കള്‍ റയലില്‍ കളിക്കുമ്പോഴും അവര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നില്ല.
മാര്‍സിലോ ലിപ്പിയെന്ന യുവന്തസിന്റെ ഇറ്റാലിയന്‍ പരിശീലകന് കീഴിലാണ് സിദാന്‍ വളര്‍ന്നു പന്തലിച്ചത്. അതിനാല്‍ തന്നെ ലിപ്പി ശൈലി അദ്ദേഹത്തിലെ പരിശീലകനുമുണ്ട്. മധ്യനിരയുടെ ഊര്‍ജ്ജത്തിലാണ് സിദാന്റെ വിശ്വാസം. മധ്യനിര എത്ര മാത്രം കരുത്തരാണോ അത്രമാത്രം ആ ടീമിന് വിജയസാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നു അദ്ദേഹം. വിംഗിലൂടെ കുതിച്ചു പായാന്‍ നല്ല ഡിഫന്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ മധ്യനിരയുടെ ചിറകായി മാറുമെന്നും അദ്ദേഹം പറയുമ്പോള്‍ മാര്‍സിലോയെ പോലുള്ളവര്‍ക്ക് ആ ശൈലി പ്രിയങ്കരമാവുന്നു.
നല്ല സപ്പോര്‍ട്ടിംഗ് സ്റ്റാഫാണ് സിസുവിന്റെ മറ്റൊരു കരുത്ത്. തന്റെ സഹ പരിശീലകരായി വലിയ പേരുകള്‍ക്ക് പിറകെ പോവാതെ വിശ്വസ്തരെ മാത്രം അദ്ദേഹം ഒപ്പം കൂട്ടി. ചെറുപ്പം മുതല്‍ സഹചാരിയായ ഡേവിഡ് ബെറ്റോണിയെ പോലുള്ളവരുടെ പിന്തുണ ഏത് ഘട്ടത്തിലും ഹെഡ് കോച്ചിനുണ്ട്. അന്റോണി പിന്റസ് എന്ന് ഫിറ്റ്‌നസ് കോച്ച് എല്ലാ താരങ്ങളെയും ഒരേ സമയം ഊര്‍ജ്വസ്വലരാക്കി നിലനിര്‍ത്തുന്നു. എല്ലാ മല്‍സരത്തിലും കളിക്കുക, ഗോള്‍ നേടുക എന്നതിനപ്പുറം കൃസറ്റിയാനോയെ പോലെ അവസരവാദിയായ ഒരു മുന്‍നിരക്കാരനോട് സിദാന്‍ പറയുന്നത് ഇത്ര മാത്രം-ടീമിന് അത്യാവശ്യമായ മല്‍സരങ്ങളില്‍ അമരക്കാരന്റെ സ്ഥാനത്ത് മറ്റൊരാളില്ല. അതിനാല്‍ നമ്പര്‍ വണ്‍ താരമെന്ന നിലയില്‍ എല്ലാ മല്‍സരങ്ങളിലും കളിക്കുക എന്നതിന് പകരം ടീമിനെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്ന ഒന്നാം നമ്പര്‍ താരമാവുക എന്ന വലിയ ലക്ഷ്യമാണ് അദ്ദേഹത്തിന് കോച്ച് നല്‍കുന്നത്. റയല്‍ ലാലീഗയില്‍ അവസാനം കളിച്ച എട്ട് എവേ മല്‍സരങ്ങളില്‍ മൂന്നില്‍ മാത്രമായിരുന്നു കൃസ്റ്റിയാനോ കളിച്ചത്. ഗോള്‍ വേട്ടയില്‍ ഒന്നാമനാവുക എന്നതായിരിക്കും പലപ്പോഴും ഒരു മുന്‍നിരക്കാരന്റെ ലക്ഷ്യമെങ്കില്‍ സിദാനിലൂടെ കൃസ്റ്റിയാനോ ആരോഗ്യവാനായ മുന്‍നിരക്കാരനായി മാറിയിരിക്കുന്നു. ഈ വിധം ടീം ആകെ മാറുമ്പോള്‍ അവകാശവാദങ്ങള്‍ക്ക് നില്‍ക്കാതെ സിസു ഇപ്പോഴും പറയുന്നു-ഏറ്റവും മികച്ച പ്രരടനം നടത്തിയാല്‍ മാത്രം കപ്പ് ലഭിക്കുമെന്ന്. യുവന്തസിനെ അദ്ദേഹത്തിന് നന്നായി അറിയാം. അവരുടെ പ്രതിരോധ മികവുമറിയാം. ആ മികവിനെ അംഗീകരിക്കുമ്പോള്‍ തന്നെ തന്റെ കുട്ടികളുടെ മികവിനെ ചൂഷണം ചെയ്യുന്ന സിസുവിലെ പരിശീലകന്‍ 100 ദിവസത്തിനിടെ ഒരു കിരീടം എന്ന തരത്തിലാണ് ക്ലബിന് നേട്ടം സമ്മാനിക്കുന്നത്. രണ്ട് സീസണുകളിലായി 58 ലാലീഗ മല്‍സരങ്ങളിലാണ് സിസു ടീമിനെ ഇറക്കിയത്. ഇതില്‍ പരമാവധി ലഭിക്കാവുന്നത് 174 പോയന്റാണെങ്കില്‍ 146 പോയന്റ് സമ്പാദിച്ചു അദ്ദേഹത്തിന്റെ ടീം. രണ്ട് വന്‍കരാ ഫൈനലും… നേട്ടങ്ങളില്‍ മതിമറക്കുന്നില്ല പക്ഷേ കോച്ച്. അതാണ് മാറ്റവും.