X

ജി.ഡി.പി നിരക്ക് താഴോട്ട്; മോദിയുടേത് ‘മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ’മെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴോട്ട് വന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദി ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ച്ച നേരിട്ടതോടെ ജി.ഡി.പി(ഗ്രോസ് ഡൊമസ്റ്റ് പ്രൊഡക്ട്)ക്ക് പുതിയ പരിഹാസ വ്യാഖ്യാനവുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

മോദിയുടേത് മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ(ഗ്രോസ് ഡിവൈസീവ് പൊളിക്ടിക്‌സ്)മാണെന്നാണ് പരിഹാസവുമായാണ് രാഹുല്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. നേരത്തെ ജിഎസ്ടിക്കെതിരെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന രാഹുലിന്റെ പരിഹാസം വന്‍ പ്രചാരം നേടിയിരുന്നു.

2017-18 ലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2016-17 ലേതിനെക്കാള്‍ കുറവായിരിക്കുമെന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (സി.എസ്.ഒ) സൂചന പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.

സാമ്പത്തിക മേഖലയിലെ നിരാശാജനകമായ പ്രകടനത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിക്കുകൊളളുന്ന വാചകങ്ങളില്‍ പരിഹസിക്കുന്നതാണ് രാഹുലിന്റെ ട്വീറ്റ്. ധനമന്ത്രിയുടെ പ്രതിഭയും മിസ്റ്റര്‍ മോദിയുടെ മൊത്ത ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും(ജി.ഡിയപി) ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത് എന്തെന്ന് വ്യക്തമാക്കിയാണ് രാഹുലിന്റെ ട്വീറ്റ്.

chandrika: