X
    Categories: More

അയച്ച മെസ്സേജ് തിരിച്ചെടുക്കാം; എഡിറ്റ് ചെയ്യാം… അടിമുടി മാറ്റങ്ങളോടെ വാട്ട്‌സാപ്പിന്റെ അപ്‌ഡേറ്റ് ഒരുങ്ങുന്നു

വാട്ട്‌സാപ്പില്‍ അയച്ച മെസ്സേജും എറിഞ്ഞ കല്ലും ഒരേപോലെയായിരുന്നു ഇതുവരെ. കൈയില്‍ നിന്നു പോകുന്നതോടെ അതിന്മേലുള്ള നിയന്ത്രണം നമുക്ക് നഷ്ടമാവുന്നു. അയച്ച സന്ദേശം അപ്പുറത്തെയാള്‍ വായിക്കുന്നതിനു മുമ്പ് തിരിച്ചെടുക്കാനോ തിരുത്താനോ ഉള്ള സൗകര്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, സ്വീകര്‍ത്താവ് വായിക്കുംമുമ്പ് സന്ദേശം ഡിലീറ്റ് ചെയ്യാനും തിരുത്താനുമുള്ള ഓപ്ഷന്‍ വാട്ട്‌സാപ്പില്‍ ഉടന്‍ എത്തും.

പുതിയ അപ്‌ഡേറ്റിന്റെ ബീറ്റ വേര്‍ഷനില്‍ ഈ രണ്ട് സൗകര്യങ്ങളും വാട്ട്‌സാപ്പ് പരീക്ഷിച്ചു വരികയാണെന്ന് ‘ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ സൗകര്യങ്ങള്‍ അടക്കമുള്ള അപ്‌ഡേറ്റ് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതിനു പുറമെ, ഫ്രണ്ട്‌സ് തമ്മിലുള്ള യോഗം കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യവും പരീക്ഷണത്തിലാണ്. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ലൊക്കേഷന്‍ (ലൈവ് ലൊക്കേഷന്‍ ട്രാക്കിങ്) സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാനുള്ള സൗകര്യവും ഒരുങ്ങുന്നുണ്ട്. നിലവില്‍ ലൊക്കേഷന്‍ അയക്കാനുള്ള സംവിധാനമുണ്ടെങ്കിലും ‘മൂവിങ് ലൊക്കേഷന്‍’ കാണാനുള്ള സൗകര്യം വാട്ട്‌സാപ്പിലില്ല.

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് മറുപടി അയക്കാനുള്ള സൗകര്യം, സ്പാം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം, വാട്ട്‌സാപ്പിനകത്തു തന്നെ ചിത്രങ്ങള്‍ വരക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: