X

സുപ്രീംകോടതി വിധി; ആപ്പിന്റെ മേല്‍ക്കൈ ചോദ്യം ചെയ്ത് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ആംആദ്മി പാര്‍ട്ടി നേടിയ മേല്‍ക്കൈ ചോദ്യം ചെയ്താണ് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

ക്രിമിനല്‍ കേസുകളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാന്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച കെജ്‌രിവാള്‍ സര്‍ക്കാറിന്റെ മുന്‍നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഡല്‍ഹി സര്‍ക്കാറിന് പൊലീസിന് നിര്‍ദേശം നല്‍കാനുള്ള അധികാരമില്ല. അതിനാല്‍ തന്നെ കുറ്റകൃത്യം അന്വേഷിക്കുന്ന ഏജന്‍സിയെ നിയമിക്കാന്‍ സാധിക്കില്ലെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഡി.ഡി.സി.എ പ്രസിഡന്റായിരിക്കെ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരുന്നു. കമ്മീഷനെ നിയമിച്ച ഡല്‍ഹി സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് അന്നത്തെ ലഫ്. ഗവര്‍ണര്‍ നജീബ് ജെങ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയത്.

chandrika: